പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി, ശസ്ത്രക്രിയയ്ക്ക് ശേഷം അമേയ കണ്ണ് തുറന്നപ്പോള്‍ കാത്തിരുന്നത് സുരേഷ് ഗോപിയുടെ സര്‍പ്രൈസ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. നടന്‍ മാത്രമല്ല നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്ന പരിപാടിയുടെ അവതാരകന്‍ കൂടിയാണ് അദ്ദേഹം. പരിപാടിയുടെ ഏറ്റവും വലിയ ആകര്‍ഷണം തന്നെ സുരേഷ് ഗോപിയുടെ അവതരണമാണ്. പലരും മത്സരിക്കാന്‍ എത്തുന്നത് വലിയ വലിയ അവശ്യങ്ങളും ഉത്തരവാദിത്വങ്ങളും ചുമലില്‍ ഏറ്റി ആണ്. ചിലര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വരാറുമുണ്ട്. എന്നാല്‍ ചിലര്‍ക്ക് അവതാരകനായ സുരേഷ് ഗോപി തന്നെ സഹായം വാഗ്ദാനം നല്‍കാറുണ്ട്.

തൃക്കരിപ്പൂര്‍ സ്വദേശിയായ നിമ്മി കോടീശ്വരനില്‍ മത്സരത്തിന് എത്തിയത് വലിയ ഒരു ആവശ്യവും ആയിട്ട് ആയിരുന്നു. മകള്‍ അമേയയുടെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ ആയിരുന്നും നിമ്മി എത്തിയത്. എന്നാല്‍ നിരാശയോടെ മടങ്ങേണ്ടി വന്നു. അവിടെയാണ് സുരേഷ് ഗോപി എന്ന നല്ല മനസിനെ ഏവരും മനസിലാക്കിയത്. ശസ്ത്രക്രിയയ്ക്കുള്ള പണം അദ്ദേഹം നല്‍കി. സുരേഷ് ഗോപിയുടെ പിറന്നാള്‍# ദിനത്തില്‍ ആയിരുന്നു അമേയയുടെ ശസ്ത്രക്രിയ. ഇപ്പോള്‍ എല്ലാം കഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍, അമേയയ്ക്ക് സുരേഷ് ഗോപിയുടെ വക സര്‍പ്രൈസും ഉണ്ടായിരുന്നു. ഒരു കുടന്ന പൂക്കളാണ് സുരേഷ് ഗോപി അമേയയ്ക്ക് സമ്മാനിച്ചത്.

ജന്മനാ ക്ലബ് ഫൂട്ട് എന്ന രോഗാവസ്ഥയിലാണ് അമേയ ഉള്ളത്. നേരത്തെ തന്നെ മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ഒരു ശസ്ത്രക്രിയ കൂടി കഴിഞ്ഞാല്‍ അമേയയുടെ അസുഖം ഭേദമാകും എന്ന് നിമ്മി പരിപാടിയില്‍ പറഞ്ഞിരുന്നു. അമേയയുടെ ചികിത്സയ്ക്കും മറ്റുമായി വാങ്ങിയതടക്കം പത്ത് ലക്ഷം രൂപ കടമുണ്ട് നിമ്മിക്കും കുടുംബത്തിനും. ഈ സാഹചര്യത്തില്‍ മറ്റൊരു ശസ്ത്രക്രിയയുടെ ചിലവു കൂടി താങ്ങാന്‍ സാധിക്കുമായിരുന്നില്ല. ഇക്കാര്യം നിമ്മി വേദിയില്‍ വെച്ച് തന്നെ പറഞ്ഞിരുന്നു.

പരിപാടിയില്‍ 80,000 രൂപ വരെ നേടുന്ന ഘട്ടത്തിലെത്തിയ നിമ്മിക്ക് അടുത്ത ഉത്തരം തെറ്റിയപ്പോള്‍ സമ്മാനം 10000 രൂപയായി ചുരുങ്ങുകയായിരുന്നു. നിമ്മി പുറത്തായപ്പോള്‍ സുരേഷ്‌ഗോപി വാക്കു നല്‍കി, ‘മോളുടെ ഓപ്പറേഷന്‍ മുടങ്ങില്ല ഞാനേറ്റു’എന്ന്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വിളിച്ച് സുരേഷ് ഗോപി തന്നെ എല്ലാം ഏര്‍പ്പാടാക്കി. അമേയയുടെ സര്‍ജറിയും സുരേഷ് ഗോപിയുടെ പിറന്നാളും ഒരു ദിവസം വന്നു. ആശുപത്രി ചെയര്‍മാന്‍ ഡോ. കെ.ജി.അലക്‌സാണ്ടര്‍ വിളിച്ചപ്പോഴാണ് അവള്‍ക്ക് പൂക്കള്‍ നല്‍കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഡോ. ടി.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ.

https://www.facebook.com/theguardianofkailasamangels/posts/3445796615439703