സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ കേസെടുത്ത് തളിപ്പറമ്പ് പോലീസ്

കണ്ണൂര്‍. സ്വപ്‌ന സുരേഷിനെതിരെ കേസെടുത്ത് കണ്ണര്‍ തളിപ്പറമ്പ് പോലീസ്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്വപ്‌ന സുരേഷിനൊപ്പം ആക്ഷന്‍ ഒടിടി പ്ലാറ്റ് ഫോം സിഇഒ വിജേഷ് പിള്ളയ്ക്കുമെതിരെ പോലീസ് കേസെടുത്തു.

ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കല്‍, ലഹളയ്ക്ക് ശ്രമം നടത്തി എന്നി വകുപ്പുകള്‍ ചുമത്തിയാണ് സ്വപന സുരേഷിനെതിരെയും വിജേഷിനെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സ്വപ്‌ന സുരേഷ് കര്‍ണാടക പോലീസിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുവരുകയാണ്. സ്വപ്‌നയുടെ പരാതിയില്‍ എട്ട് മണിക്കൂറായി വിജേഷ് പിള്ളയെ കര്‍ണാടക പോലീസ് ചോദ്യം ചെയ്യുകയാണ്.

സ്വപ്‌ന നല്‍കിയ പരാതിയില്‍ മൊഴി എടുക്കാന്‍ കര്‍ണാടക പോലീസ് സ്വപ്നയെ വിളിച്ച് വരുത്തിയിരുന്നു. സ്വപ്‌നയ്‌ക്കൊപ്പം സരിത്തിനെയും ബെംഗളൂരു കെ ആര്‍ നഗര്‍ പോലീസ് വിളിച്ചുവരുത്തി. ഭീഷണിപ്പെടുത്തല്‍ കുറ്റത്തിന് ചുമത്തുന്ന ക്രിമിനല്‍ ശിക്ഷാനിയമം 506 പ്രകാരമാണ് വിജേഷിനെതിരെ കര്‍ണാടക പോലീസ് കേസെടുത്തിരിക്കുന്നത്.