പ്രത്യേക ഓഡിറ്റില്‍ നിന്നും ഒഴിവാക്കണം; പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയില്‍

ഡല്‍ഹി: സുപ്രീം കോടതി നിര്‍ദേശിച്ച പ്രത്യേക ഓഡിറ്റില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ്. പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിര്‍ദേശിക്കണമെന്നും ട്രസ്റ്റ് സുപ്രീം കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. ട്രസ്റ്റിന്റെ ആവശ്യം ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കുകയും ചെയ്യും.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി ഒരു സ്വകാര്യ കമ്ബനിയെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വരവ് ചെലവ് കണക്ക് ഹാജരാക്കാന്‍ ട്രസ്റ്റിനോട് കമ്ബനി ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.