ഡോ. വന്ദനാ ദാസിന്റെ കൊലപാതകം, സ്വയരക്ഷാർഥം ഓടിയൊളിച്ചു, പോലീസിന് ഗുരുതര വീഴ്ച്ചയെന്ന് കണ്ടെത്തൽ

കൊല്ലം: ഡോ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ബേബി മോഹനൻ, മണിലാൽ എന്നീ എ. എസ്.ഐമാർക്കെതിരെയാണ് നടപടി. ഇവരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനിയുടെ കണ്ടെത്തൽ.

കൃത്യവിലോപം കൂടാതെ പൊലീസിന്റെ സത്പ്പേരിന് കളങ്കം വരുത്തുന്ന പ്രവൃത്തിയാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമർശനം. ആക്രമണത്തിനിടെ പൊലീസുകാർ സ്വയരക്ഷാർഥം ഓടിയൊളിച്ചു. അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മേയ് 10ന് പുലർച്ചെ 4.30നാണ് പൂയപ്പളളി പൊലീസ് ചികിത്സയ്ക്കായി കൊണ്ടു വന്ന സന്ദീപ് ഹൗസ് സർജനായി ജോലി ചെയ്തിരുന്ന ഡോ. വന്ദനയെ സർജിക്കൽ കത്തികൊണ്ടു കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപ്(43) തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു ഡോ. വന്ദന ദാസിന്റെ ശരീരത്തിൽ 26 മുറിവുകൾ ഉണ്ടായിരുന്നു. നെഞ്ചിൽ സർജിക്കൽ കത്രിക ഉപയോഗിച്ചുള്ള കുത്തേറ്റ മാരകമായ മുറിവുകളെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കു നേരിട്ട ക്ഷതമാണു മരണ കാരണം. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് അഞ്ച് പേർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

എന്നാൽ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ടില്ല എന്ന ആരോപണം വ്യാപകമായി ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് നിലവിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്.