ആൻസി കബീർ, അഞ്ജന ഷാജൻ മരണം കൊലപാതകം, സൂചന നല്കി വി ഡി സതീശൻ

തിരുവനന്തപുരം: മോഡലുകളായ ആന്‍സി കബീര്‍, അഞ്ജന ഷാജന്‍ എന്നിവര്‍ മരിച്ച വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇവരെ കരുതിക്കൂട്ടി വകവരുത്തിയതാണെന്ന സംശയം സതീശന്റെ വെളിപ്പെടുത്തലോട് ബലപ്പെടുകയാണ്. സംഭവത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല, അതിനാല്‍ കേസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് കിട്ടിയ വിവരം അനുസരിച്ച് ഇത് ഒരു സാധരണ മരണമല്ല. ഇത് സംബന്ധിച്ച് പിന്നീട് കൂടുതല്‍ വെളിപ്പടുത്താമെന്നും വിഡി സതീശന്‍ പറഞ്ഞു.

ഹോട്ടലില്‍ തലേദിവസം നടന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണം. ആ ഹോട്ടലില്‍ ആരെല്ലാം ഉണ്ടായിരുന്നത് എന്ന കാര്യം പുറത്ത് വരണം. മോഡലുകള്‍ക്ക് പിന്നാലെ പോയെ വാഹനങ്ങള്‍ ആരുടേതാണ് എന്ന് കണ്ടെത്തണം. ഹോട്ടലില്‍ തലേ ദിവസം ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം ലഭിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.

കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് വീണ്ടും ഹാജരാകാന്‍ റോയിക്ക് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ഹോട്ടലുടമയെ 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ അടങ്ങിയ രണ്ട് ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറുകളില്‍(ഡിവിആര്‍) ഒരെണ്ണം റോയി പൊലീസിന് കൈമാറി. എന്നാല്‍ ഇതില്‍ മോഡലുകള്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ദിവസത്തെ ദൃശ്യങ്ങള്‍ ഇതിലില്ലെന്നാണ് വിവരം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമ്‌ബോള്‍ രണ്ടാമത്തെ ഡിവിആര്‍ കൂടി കൈമാറണമെന്ന് പൊലീസ് റോയിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുവരെ ലഭിച്ച ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധന പൊലീസ് ആരംഭിച്ചു. ഡിവിആറില്‍ നിന്നും ഹോട്ടലിലെ റേവ് പാര്‍ട്ടി ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇത്രദിവസം റോയി ചോദ്യംചെയ്യലിന് ഹാജാരാകാതിരുന്നത് ഡിവിആറില്‍ എന്തെങ്കിലും തിരിമറിനടത്താനാണോ എന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഡിവിആര്‍ സൈബര്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കും.