പലരും പണം ചോദിച്ച് വിളിച്ചു തുടങ്ങി, ഇനി ബന്ധുക്കൾ പിണങ്ങാൻ തുടങ്ങും- അനൂപ്

ഓണം ബംപർ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ലഭിച്ചത്. TJ 750605 നമ്പർ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. തിരുവനന്തപുരം പഴവങ്ങാടിയിൽ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം.

ഇപ്പോളിതാ കഴിഞ്ഞ ദിവസത്തെക്കുറിച്ച് പറയുകയാണ് അനൂപ്, വാക്കുകളിങ്ങനെ, ആളുകളുടെ ഫോൺ കോളുകളും വീഡിയോ കോളുകളും തുടർച്ചയായി ലഭിച്ചതിനാൽ ഇതുവരെ ഉറങ്ങാനായിട്ടില്ല, നറുക്കെടുപ്പിൽ വിജയിക്കുമെന്ന് കരുതിയില്ല. നറുക്കെടുപ്പിൽ വിജയിച്ചാൽ തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ അറിയില്ലായിരുന്നു. ഇപ്പോൾ കുറച്ച് കാര്യങ്ങൾ മനസിലാക്കി. പണം സേവ് ചെയ്ത ശേഷം മാത്രമേ മറ്റ് കാര്യങ്ങൾ ആലോചിക്കുകയുള്ളൂ. വിവരങ്ങൾ അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷമേ ചെയ്യൂ. മകൻ അദ്വൈതിൻ്റെ കുടുക്കയിൽ നിന്നാണ് ലോട്ടറിക്കായുള്ള പണം എടുത്തത്. മകൻ്റെ ഭാഗ്യം കൂടിയാണിത്

ഓണം ബമ്പറിൻ്റെ 25 കോടി സ്ഥിരീകരിച്ചത് ഭാര്യ മായ ആണ്. ടിവിയിൽ വാർത്ത കണ്ട് നമ്പർ ഒത്തുനോക്കിയപ്പോൾ ഒരു നമ്പർ മാറിയെന്നാണ് ആദ്യം തോന്നിയത്. എന്നാൽ ഭാര്യ മായ ആണ് നറുക്കെടുപ്പിൽ വിജയിച്ച കാര്യം സ്ഥിരീകരിച്ചത്. ജോലിക്കായി വിദേശത്തേക്ക് പോകാൻ ആലോചനയുണ്ടായിരുന്നു. ഇനി വിദേശത്തേക്ക് പോകുന്നില്ല. പ്രതീക്ഷയോടെയാണ് എന്നും ലോട്ടറി എടുക്കാറുള്ളത്. ഓണം ബമ്പർ കിട്ടുമെന്ന് കരുതിയില്ല

ബമ്പർ നറുക്കെടുപ്പ് നടന്ന ഞായറാഴ്ച തന്നെ പൈസ ചോദിച്ച് പലരും സമീപിക്കാൻ ആരംഭിച്ചു. ചിലർ വീട്ടിലോട്ട് വരാം, സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചു. ഇക്കാര്യങ്ങളിൽ ടെൻഷനുണ്ട്. ഇക്കാര്യത്തിൽ ബന്ധുക്കളടക്കം പല രീതിയിൽ പിണങ്ങാൻ തുടങ്ങും. എത്ര കൊടുത്താലും ആളുകളുടെ ഭാഗത്ത് നിന്നും പറച്ചിലുകളുണ്ടാകും. ആ ഒരു ബുദ്ധിമുട്ട് ഉണ്ടാകും. നിലവിൽ എല്ലാവരും സ്നേഹത്തിലാണ്. ഈ അവസ്ഥ ഇനി മാറും.