ലുലു മാളിൽ നമാസ് നടത്തിയവരെ അറസ്റ്റ് ചെയ്തത് തെറ്റ്, യോഗി അള്ളാഹുവിന്റെ ശത്രുവെന്ന് ഇസ്ലാമിക് സ്റ്റേറ്റ് മാസിക.

ലക്‌നൗ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അള്ളാഹുവിന്റെ ശത്രുവെന്ന് ഇസ്ലാമിക് സ്റ്റേറ്റ് മാസിക. ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ്-സിറിയയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വോയ്‌സ് ഓഫ് ഖുറാസാൻ മാസികയുടെ പുതിയ പതിപ്പിൽ യോഗി ആദിത്യ നാഥ് അള്ളാഹുവിന്റെ ശത്രുവെന്ന് പരാമർശിക്കുന്നു. സംസ്ഥാനത്തെ മുസ്ലീങ്ങളെ യോഗി സർക്കാർ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണെന്നും മാസികയിൽ ആരോപിക്കുന്നുണ്ട്.

ലുലു മാളിൽ പരസ്യമായി നമാസ് നടത്തിയവരെ അടുത്തിടെ യോഗിയുടെ നിർദ്ദേശത്തെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് യോഗിയെ മാസികയുടെ ലേഖനത്തിൽ അള്ളാഹുവിന്റെ ശത്രുവെന്ന് വിശേഷിപ്പിക്കുന്നത്. പശുക്കളെ ആരാധിക്കുന്നവരുടെ നാട്ടിൽ മുസ്ലീങ്ങൾക്കായി ഭരണഘടന ബാക്കി വെച്ചതെന്ത് എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഷോപ്പിംഗ് മാളിൽ നമാസ് നടത്തിയതിന് യോഗിയുടെ ഭീകരത നിറഞ്ഞ ഭരണകൂടവും പോലീസും ചേർന്ന് ആക്രമിച്ചെന്നാണ് ലേഖനത്തിലെ പരാമർശം. യോഗിയെ ഈജിപ്തിലെ ഫറവോയായിരുന്ന ഫിറോനുമായും മാസികയിൽ ഉപമി൯ച്ചിരിക്കുന്നു.

ഈജിപ്തിലെ ധിക്കാരിയായിരുന്ന ഫിറോനിന്റെ പാതയാണ് യോഗി പിന്തുടരുന്നതെന്നും, അതുകൊണ്ടാണ് യോഗി അള്ളാഹുവിന്റെ ശത്രുവാകുന്നതെന്നും ആരോപിക്കുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുകയും, പീഡിപ്പിക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഫിറോൻ. മൂസാ നബി ഫിറോണിനെ നേർവഴിയ്‌ക്ക് നയിക്കാൻ ശ്രമിച്ചെങ്കിലും ധിക്കരിക്കുകയായിരുന്നുവെന്നു മാസികയിൽ പരാമർശിച്ചിരിക്കുന്നു. ഇന്ത്യയ്‌ക്കെതിരെ ഒന്നിക്കാനും മുസ്ലീങ്ങളോട് ഇസ്ലാമിക് സ്റ്റ്റ്റ് ആഹ്വാനം ചെയ്യുന്നുണ്ട്. ശരിയായ നിയമമുള്ള രാജ്യത്തല്ല ഇന്ത്യയിലെ മുസ്ലീങ്ങൾ ഉള്ളത്. ബാബറി മസ്ജിദ്, പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റർ എന്നിവ ഇതിന് ഉദാഹരണമാണെന്നും മാസികയിൽ വിവരിക്കുന്നു.