കാറിനുമുകളിൽ കുട്ടികളെ കയറ്റിയിരുത്തി യാത്ര, കാരണം കാണിക്കൽ നോട്ടീസ്

കൊടുവള്ളി : കുട്ടികളുടെ ജീവൻ പണയപ്പെടുത്തി കാറിനുമുകളിൽ ഇരുത്തി സാഹസികയാത്ര നടത്തിയ സംഭവത്തിൽ ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. ബുധനാഴ്ച രാത്രിയിലാണ് ദേശീയപാതയിൽ കുന്ദമംഗലത്താണ് സൺ റൂഫിന് മുകളിൽ മൂന്നുകുട്ടികളെ കയറ്റിയിരുത്തി അതിവേഗം അപകടകരമായ രീതിയിൽ കാറോടിച്ചത്.

നരിക്കുനി പന്നിക്കോട്ടൂർ സ്വദേശിയുടെ കെ.എൽ. 57 എക്സ് 7012 നമ്പർ കാറാണ് ഇതെന്ന് തിരിച്ചറിഞ്ഞു. കൊടുവള്ളി ജോയിൻറ് ആർ.ടി.ഓഫീസിൽ രജിസ്റ്റർചെയ്തിട്ടുള്ളതാണിത്. ഉടമതന്നെയാണ് കാറോടിച്ചിരുന്നത്. കാറുടമയ്ക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയതായും മറുപടി ലഭിച്ചശേഷം ശിക്ഷാനടപടി സ്വീകരിക്കുമെന്നും ജോയിൻറ് ആർ.ടി.ഒ.യുടെ ചുമതലവഹിക്കുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.കെ. അജിൽകുമാർ പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുട്ടികളെ കയറ്റിയിരുത്തി ഓടിച്ച കാറിന്റെ പിന്നിൽ സഞ്ചരിച്ച കാർ യാത്രക്കാരാണ് ഇത് പകർത്തിയത്. കാർ പെട്ടെന്ന് നിർത്തേണ്ടിവന്നിരുന്നെങ്കിൽ മൂന്നുകുട്ടികളും റോഡിൽ തെറിച്ചുവീണ് വൻ ദുരന്തം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.