ഒരു ദിവസം കൊണ്ട് ആന്റണിയെ ചവറുപോലെ വലിച്ചെറിഞ്ഞു കോൺഗ്രസ്

തിരുവനന്തപുരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി വസ്തുതയില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന ബിബിസി ഡോക്യുമെൻ്ററിയെ എതിര്‍ത്തതിൻ്റെ പേരില്‍ വിവാദത്തിലായ അനില്‍ കെ.ആൻ്റണി കോണ്‍ഗ്രസിൻ്റെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ച സംഭവം കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറിയിലേക്ക്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആൻ്റണിയുടെ മകന്‍ കൂടിയായ അനില്‍ കെ.ആൻ്റണി എഐസിസി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോര്‍ഡിനേറ്റർ സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുകയായിരുന്നു. അനിൽ ആൻ്റണി രാജിവച്ച സംഭവത്തിൽ നിലവിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് വിധേയനായത് എകെ ആൻ്റണിയും. കഴിഞ്ഞ ദിവസം അനിൽ ആൻ്റണിയുടെ നിലപാടുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരോട് എകെ ആൻ്റണി രൂക്ഷമായാണ് പ്രതികരിച്ചതെന്ന വാർത്തകളും പുറത്തു വരുകയു ണ്ടായി. അനിൽ കെ ആൻ്റണിയുടെ കോൺഗ്രസ് വിരുദ്ധ നിലപാട് പുറത്തു വന്നിതിനു പിന്നാലെ മുൻ പ്രതിരോധ മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന എകെ ആൻ്റണിയുടെ വീട്ടിൽ കോൺഗ്രസ് പ്രവർത്തകരുടെ സന്ദർശനത്തിൽ വന്ന കുറവാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്.

എകെ ആൻ്റണി ഡൽഹി വിട്ട് തിരുവനന്തപുരത്ത് താമസമാക്കിയതിനു ശേഷവും അദ്ദേഹത്തെ സന്ദർശിക്കാൻ എത്തുന്ന കോൺഗ്രസ് നേതാക്കളിലും പ്രവർത്തകരിലും കുറവ് ഒന്നും ഉണ്ടായിരുന്നില്ല. രാവിലെ മുതൽ പരിചയം പുതുക്കാനും ഓരോരോ കാരണങ്ങൾ കൊണ്ടും നിരവധി പേരാണ് ആന്റണിയെ സന്ദർശിച്ച് വന്നിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അനിൽ കെ ആൻ്റണിയുടെ കോൺഗ്രസ് വിരുദ്ധ നിലപാട് പുറത്തു വന്നതിനു പിന്നാലെ വ്യാഴാഴ്ച രാവിലെ മുതൽ വീടും പരിസരവും നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യമില്ലാത്ത അവസ്ഥയിലായി. മകൻ കോൺഗ്രസ് പാർട്ടിക്കും നേതാക്കൾക്കും പ്രതിസന്ധി വരുത്തിവച്ചതിനു പിന്നാലെ മുതിർന്ന നേതാവായ എകെ ആൻ്റണിയേയും നേതാക്കളും പ്രവർത്തകരുമൊക്കെ കെെയൊഴിഞ്ഞ അവസ്ഥയിലായി എന്ന് വേണം പറയാൻ.

അനിൽ ആൻ്റണിക്ക് എതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. അനില്‍ ആന്റണിയുടേത് അടഞ്ഞ അധ്യായമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. അനില്‍ ആൻ്റണി പാര്‍ട്ടി പദവികള്‍ രാജിവെച്ചുവെന്നും കോണ്‍ഗ്രസിന്റെ് നിലപാട് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയെതാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളിൽ മറ്റു നേതാക്കളും അനിൽ കെ ആൻ്റണിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുമെന്നാണ് സൂചനകൾ. കോൺഗ്രസിനുള്ളിൽ നിന്നുയരുന്ന വിമർശനങ്ങൾ അനിൽ ആൻ്റണിയ്ക്ക് എതിരെ മാത്രമാകില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. അത് കോൺഗ്രസ് പാർട്ടിയുടെ ബലത്തിൽ അധികാരവും സുഖ സൗകര്യങ്ങളും ആവോളം അനുഭവിച്ച എകെ ആൻ്റണിക്ക് എതിരെ കൂടിയായിരിക്കും.

കഴിഞ്ഞ ദിവസം, മകന്‍ രാജിവെച്ചതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് എ.കെ ആൻ്റണി ഒഴിഞ്ഞുമാറുകയായിരുന്നു.
`വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം. നിങ്ങള്‍ക്ക് കുറച്ചുകൂടി ഔചിത്യം വേണ്ടേ , ഞാന്‍ ഒരു കല്യാണത്തിന് വന്നിരിക്കുകയാണ്, രാഷ്ട്രീയ വിവാദത്തിനല്ല താന്‍ ഇവിടെ വന്നിരിക്കുന്നത്´- തന്നെ സമീപിച്ച മാധ്യമപ്രവർത്തകരോട് എകെ ആൻ്റണി പറയുകയുണ്ടായി. എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുളള പദവികളില്‍ നിന്നായിരുന്നു അനില്‍ ആന്റണി രാജി വെക്കുന്നത്. ഒപ്പം ബിബിസി ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ട് അനില്‍ ആൻ്റണി നടത്തിയ പരാമര്‍ശങ്ങളും വിവാദമായി. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിൻ്റെ രാജി. ട്വിറ്ററിലൂടെയാണ് താന്‍ രാജി വെച്ചു എന്ന വിവരം അനില്‍ ആൻ്റണി അറിയിക്കുന്നത്.