മൂന്ന് യുവാക്കളുടെ ജീവൻ കവർന്നത് ബൈക്കിന്റെ അമിത വേഗത, വെടിപൊട്ടും പോലൊരു ശബ്ദം കേട്ടു, നോക്കുമ്പോൾ കണ്ടത് മനസ് മരവിക്കുന്ന കാഴ്ച

കോട്ടയം : കുമാരനല്ലൂരിൽ ടോറസ് ലോറിയിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്.  തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ഒരാൾക്ക് 23, മറ്റു രണ്ടു പേർക്ക് 20വയസ്. ബൈക്കിന്റെ അമിത വേഗതയാണ് മൂവരുടെയും ജീവനെടുത്തത്. ബൈക്കിന്റെ അമിത വേഗതയിലുള്ള വരവ് കണ്ട് ടോറസ് ലോറി ഒഴിഞ്ഞു മാറാനും ശ്രമിച്ചിരുന്നു. എന്നാൽ ലോറിയുടെ ഒരു വശത്ത് ഇടിച്ചാണ് അപകടം ഉണ്ടായത്. ‘വെടിപൊട്ടും പോലൊരു ശബ്ദം കേട്ടാണു പുറത്തിറങ്ങി നോക്കിയത്. അപകടസ്ഥലത്ത് തെറിച്ചുവീണു കിടക്കുകയായിരുന്നു മൂന്നുപേരും’ – അപകടമുണ്ടായ മിലേനിയം ജംക്‌ഷനിൽ കട നടത്തുന്ന സജി ലൂക്കോസ് പറയുന്നു.

മൂന്ന് പേർക്കും ആ സമയം അനക്കമുണ്ടായിരുന്നില്ല. ഉടൻതന്നെ 2 ഓട്ടോയും ഒരു കാറും തടഞ്ഞുനിർത്തി അവയിലാണു മുഹമ്മദ് ഫാറൂഖിനെയും ആൽവിനെയും പ്രമിനെയും കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു. ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതത്തെത്തുടർന്ന് മൂന്ന് പേരും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചു. ബൈക്ക് നേരെ വരുന്നതുകണ്ട് ലോറി റോഡിന്റെ വശത്തേക്ക് ഒതുക്കിയതായി ലോറി ഡ്രൈവർ കുമരകം കണ്ണാടിച്ചാൽ സ്വദേശി അനൂപ് ബാലകൃഷ്ണൻ പൊലീസിനോടു പറഞ്ഞു.

മറ്റക്കര പാദുവയിൽ നിന്ന് ലോഡുമായി അയ്മനം പുലിക്കുട്ടുശേരി പുത്തൻതോടിലേക്ക് പോകുകയായിരുന്നു ലോറി. സക്കീറും ജാസ്മിനുമാണു മുഹമ്മദ് ഫാറൂഖിന്റെ മാതാപിതാക്കൾ. സഹോദരങ്ങൾ: ഫാത്തിമ, ഫൈറോസ്. ബാബുവും ഷേർളിയുമാണ് ആൽവിന്റെ മാതാപിതാക്കൾ. സഹോദരങ്ങൾ: അനീഷാ ബാബു, അലൻ ബാബു. ആൽവിന്റെ സംസ്കാരം ഇന്നു 4നു തെള്ളകം സെന്റ് മേരീസ് പള്ളിയിൽ. പ്രദീപ് മാണിയും മഞ്ജുവുമാണു പ്രവീന്റെ മാതാപിതാക്കൾ. സഹോദരൻ: പ്രദിൻ.