കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിധി ഇന്ന്

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. കൊവിഡ് പ്രതിരോധ ക്രമീകരണങ്ങളുടെ പശ്ചാത്തലത്തില്‍ ഫലം പ്രസിദ്ധീകരിക്കുന്നത് എല്ലാ സംസ്ഥാനങ്ങളിലും പതിവിലും വൈകും എന്നാണ് വിവരം. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലെ ജനവിധിയാണ് ഇന്ന് വെളിപ്പെടുക.

ബി.ജെ.പിയെ സംബന്ധിച്ച് അസമിന് പിന്നാലെ ബംഗാള്‍ കൂടി പിടിച്ചടക്കാൻ ആകും എന്നാണ് പ്രതീക്ഷ. ഇത് കൂടാതെ പുതിച്ചേരിയില്‍ കൂടി ഭരണം ലഭിക്കും എന്ന് അവര്‍ കരുതുന്നു. കോണ്‍ഗ്രസ് അസമിലും കേരളത്തിലും വിജയവും തമിഴ്നാട്ടില്‍ ഡി.എം.കെ യ്ക്ക് ഒപ്പം ഉള്ള നേട്ടവുമാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്. ബംഗാളില്‍ സംയുക്ത മോര്‍ച്ചയ്ക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടും എന്നും അതോടെ ത്രിശങ്കുവിലാകുന്ന സഭയില്‍ മമതയുടെ കടിഞ്ഞാണ്‍ പിന്തുണ നല്‍കി എറ്റെടുക്കാം എന്നു കോൺഗ്രസ്സും കരുതുന്നു.

അതേസമയം തൃണമുല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എ.ഐ.ഡി.എം.കെ പാര്‍ട്ടികളുടെ കണക്കുകളിലും അതത് സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് ആധിപത്യം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

പ്രത്യേക കൊവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും ആണ് വോട്ടെണ്ണല്‍ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്. വിജയാഘോഷ പ്രകടനങ്ങളും എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്.