ചര്‍ച്ച് ആക്റ്റിനായി കേരളത്തിലെ ക്രിസ്തീയവിശ്വാസികള്‍ നിലവിളിക്കുന്നത് എന്തുകൊണ്ട്?; ഗീവര്‍ഗീസ് ഇടിച്ചെറിയ കിഴക്കേകര പറയുന്നു

ചര്‍ച്ച് ആക്റ്റിനായി കേരളത്തിലെ ക്രിസ്തീയവിശ്വാസികള്‍ നിലവിളിക്കുന്നത് എന്തുകൊണ്ട്? എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗീവര്‍ഗീസ് ഇടിച്ചെറിയ കിഴക്കേക്കര. ചര്‍ച്ച് ആക്റ്റിനു വേണ്ടിയുള്ള നിലവിളി കേരളത്തിന്റെ തലസ്ഥാനനഗരിയെ ഇളക്കിമറിച്ചുകൊണ്ട് ഉയര്‍ന്നുകേട്ടത് നാം കണ്ടു. ആ പ്രകടനത്തില്‍ ഒരു ലക്ഷത്തിലധികം ക്രിസ്തീയവിശ്വാസികള്‍ പങ്കെടുത്തു. പ്രകടനത്തില്‍ പങ്കെടുത്തവരുടെ പതിന്മടങ്ങ് ക്രിസ്തീയവിശ്വാസികള്‍ പൗരോഹിത്യ ചൂഷണങ്ങളില്‍ മനംനൊന്ത് അവരെ പിന്തുണക്കുന്നുണ്ടെന്നുള്ളതു കൂടി കണക്കിലെടുക്കുമ്പോള്‍ ഉത്തരവാദപ്പെട്ട അധികാരികളുടെ കണ്ണുകള്‍ തുറക്കേണ്ട സമയമായിരിക്കുന്നു.

അവര്‍ എന്തുകൊണ്ട് പൗരോഹിത്യത്തിന്റെ കറ പുരണ്ട ളോഹയുടെ പിടിയില്‍നിന്നും തങ്ങളെയും തങ്ങളുടെ ഇടവകഭരണത്തെയും രക്ഷിക്കണമെന്നാഗ്രഹിക്കുന്നു?

ജസ്റ്റിസ് വി. കെ. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ രൂപംകൊണ്ട ചര്‍ച്ച് ആക്റ്റ് സെക്രട്ടേറിയറ്റിലെ മാറാല പിടിച്ച ഷെല്‍ഫില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടോളമായി. mര്‍ക്കാരിന്റെ പക്കല്‍ അത് കിട്ടിയശേഷം പല കാലവര്‍ഷങ്ങളും കെടുതികളും ഭരണകൂടങ്ങളും വന്നുപോയയെങ്കിലും ആരും അതില്‍ തൊട്ടില്ല.

ഇപ്പോള്‍ അത് ജസ്റ്റിസ് കെ റ്റി തോമസിന്റെ ദയയ്ക്കായി കൊടുത്തിരിക്കുന്നു എന്നാണറിവ്. അദ്ദേഹത്തിന് എപ്പിസ്‌കോപ്പല്‍ സഭകളിലെ പുരോഹിതമെത്രാന്മാരുടെ ഇപ്പോഴത്തെ അധികാരങ്ങള്‍ കുറച്ചുകൊണ്ടുള്ള ഒരു നിയമത്തിനുവേണ്ടി നിലകൊള്ളാന്‍ സാധിക്കുകയില്ല എന്ന് ക്രിസ്തീയവിശ്വാസികള്‍ക്ക് നന്നായറിയാം. അതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് വിലകൊടുക്കുന്നതും സഭാസ്വത്തുക്കളുടെ ഭരണാധികാരം ഇടവകവിശ്വാസികളുടെ കൈയില്‍ എത്തേണ്ട ചര്‍ച്ച് ആക്റ്റ് നടപ്പാക്കാതെ ഉപേക്ഷിക്കുന്നതും ഒരുപോലെയാണ്. ക്രിസ്തീയ വിശ്വാസികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അത് നടപ്പാക്കാനാണല്ലോ വിശ്വാസികളുടെ പ്രകടനം തലസ്ഥാനനഗരിയില്‍ ഇപ്പോള്‍ അരങ്ങേറിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തോളമേ ആകുന്നുള്ളൂ ചര്‍ച്ച് ആക്റ്റ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട്. അതിനുള്ള കാരണങ്ങള്‍ പലതാണ്. കഴിഞ്ഞ കാലങ്ങളില്‍ ചില സഭകളില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഭൂമികുംഭകോണങ്ങള്‍, അതിലെ കള്ളപ്പണമിടപാടുകള്‍, നിര്‍ബ്ബന്ധിത കവര്‍പിരിവുകളിലൂടെ പൗരോഹിത്യത്തിന്റെ അധികാരം ഉപയോഗിച്ചുനടത്തപ്പെടുന്ന സാമ്പത്തിക ചൂഷണങ്ങള്‍, സഭാവിശ്വാസികളില്‍ നിന്നും അമിതമായി പിരിച്ചെടുക്കുന്ന ധനം ഉപയോഗിച്ചു വാങ്ങിക്കൂട്ടുന്ന അമിതമായ സമ്പത്ത്, സഭയിലെ ആത്മീയനേതാക്കളുടെ ആഡംബരജീവിതം, ബൈബിള്‍തത്വങ്ങള്‍ക്ക് വിരുദ്ധമായുള്ള സഭകളുടെ മാമോന്‍സേവ, കുമ്പസാരത്തിന്റെ മറവില്‍ യുവതികളുടെമേലും കുടുംബിനികളുടെമേലും കടന്നുകയറി പുരോഹിതമെത്രാന്‍ വര്‍ഗ്ഗവും ബിഷപ്പുമാരും നടത്തിയ ലൈംഗികചൂഷണങ്ങള്‍ , ആണ്‍പെണ്‍വ്യത്യാസമില്ലാതെ കുട്ടികളുടെമേല്‍ നടത്തിയ പൗരോഹിത്യ അതിക്രമങ്ങള്‍, ബൈബിള്‍ വിരുദ്ധമായ വൈദികകുമ്പസാരത്തിലൂടെ നടന്നുകൊണ്ടിരിക്കുന്ന അടിമത്തചൂഷണങ്ങള്‍, പുരോഹിതമെത്രാന്‍ വര്‍ഗ്ഗത്തിന്റെ സ്വര്‍ത്ഥതാല്‍പര്യങ്ങള്‍സംരക്ഷിക്കാനായി വൈദികകുമ്പസാരത്തിന്റെ പേരില്‍ അംഗങ്ങള്‍ ഇടവകപ്പള്ളികളുടെ പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിലവിലുള്ള നിരോധനം എന്നുതുടങ്ങി ധാരാളം കാര്യങ്ങള്‍ സഭാവിശ്വാസികളുടെ എതിര്‍പ്പ് വിളിച്ചു വരുത്തുന്നുണ്ട്.

ഇത്രയൊക്കെ അപമാനകരമായ കാര്യങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടും വോട്ടുബാങ്കിന്റെ വേവലാതിയില്‍ പെട്ട് ചര്‍ച്ച് ആക്റ്റ് നിയമമാക്കാന്‍ അതിനധികാരമുള്ള സര്‍ക്കാറുകള്‍ ഒന്നും ചെയ്തില്ല. അതുകൊണ്ടാണ് ഇത്രയും വലിയ ജനരോഷത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.

ജനോപകാരപ്രദവും ഇന്നിന്റെ മാനവസംസ്‌ക്കാരത്തിന് ആവശ്യം വേണ്ടതുമായ നിയമങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ ആരെയാണ് ഭയക്കുന്നത്? ഇപ്പോള്‍ ഉണ്ടായ കാതടപ്പിക്കുന്ന ജനരോഷത്തിന്റെ നിലവിളി കേട്ടിട്ടെങ്കിലും അധികാരികളുടെ കാതുകള്‍ തുറക്കുമോ?

ഇടവകപ്പള്ളികളുടെയും സഭകളുടെയും പക്കല്‍ ഇന്ന് നാം കാണുന്ന എല്ലാ സ്വത്തുവകകളും ആ സഭയിലെ ക്രിസ്തീയ വിശ്വാസികളുടെ വിയര്‍പ്പില്‍ നിന്നുണ്ടായ കാശ് ആണ്. അവര്‍ കൊടുക്കുന്ന വാര്‍ഷിക അംഗത്വഫീസും പള്ളിയുടെ ആവശ്യങ്ങള്‍ക്കു കൊടുക്കുന്ന മറ്റു പണവും സംഭാവനകളുമാണ് ഇടവകയുടെ പക്കലുള്ള സ്വത്തുക്കളുടെ ഉറവിടം. സഭാസിംഹാസങ്ങളില്‍ ഇരിക്കുന്ന മെത്രാന്‍ ബിഷപ്പുമാരുടെ ഭാവിയിലേക്കുള്ള ആഡംബരജീവിതത്തിനും ധൂര്‍ത്തിനുംവേണ്ടി സമ്പത്തുണ്ടാക്കി വെയ്ക്കാന്‍ വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിര്‍ബ്ബന്ധിതപിരിവുകവറുകളില്‍കൂടി വിശ്വാസികള്‍ കൊടുക്കുന്ന കോടികളുടെ പണമാണ് അവയുടെ ഉറവിടം. കൂടാതെ, ക്രിസ്തീയസഭകള്‍ തമ്മിലുള്ള കേസ് നടത്തിപ്പിനെന്ന പേരിലും ഇടവകകളില്‍നിന്ന് നിര്‍ബന്ധിതപിരിവുകളുണ്ട്.

എന്നാല്‍ സഭകള്‍ ഉണ്ടാക്കുന്ന സമ്പത്തിന്റെ വസ്തുവകകളിലോ ഇടവകയുടെ വസ്തുവകകളിലോ പണം നല്‍കിയ വിശ്വാസികള്‍ക്ക് കാര്യമായ അധികാരാവകാശങ്ങള്‍ ഇല്ലെന്നു പറയാം. എല്ലാം പുരോഹിതമെത്രാന്മാരുടെ കൈപ്പിടിയില്‍ ഒതുക്കിവെച്ചിരിക്കുന്നു. അങ്ങനെ നാനാവിധത്തില്‍ കാലാകാലങ്ങളായി തങ്ങളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന പുരോഹിതമെത്രാന്‍ വര്‍ഗ്ഗത്തെ
വിശ്വാസികളും ജനങ്ങളും വെറുപ്പോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു.

ബൈബിളില്‍ പറയുന്ന യേശുക്രിസ്തു സ്ഥാപിച്ച പുതിയനിയമസഭയായ ക്രിസ്തീയസഭകളില്‍ ഇന്നു കാണുന്നതുപോലെ സമ്പത്തു കൈകാര്യം ചെയ്യേണ്ട അധികാരസ്ഥാനങ്ങളില്‍ പുരോഹിതരോ മെത്രാന്മാരോ ഇല്ല. യഹൂദരുടെ ഇടയില്‍ നിലനിന്നിരുന്ന ആ സംവിധാനം യേശുക്രിസ്തു നീക്കിക്കളഞ്ഞിട്ടും ക്രിസ്തീയസഭ സ്ഥാപിച്ച് ഏതാനും നൂറ്റാണ്ടുകള്‍ക്കകംതന്നെ സഭകളെ നയിക്കുന്നവര്‍ ദൈവവചനങ്ങളില്‍ അറിവില്ലാത്ത വിശ്വാസികളെ എന്നെന്നും അടിമത്തത്തിലാക്കാനും ബന്ധികള്‍ ആക്കാനുമായി പൗരോഹിത്യസ്ഥാനങ്ങളും പ്രത്യേക വേഷഭൂഷാദികളും തിരികെ കൊണ്ടുവന്ന് അവരെ ചൂഷണം ചെയ്തുതുടങ്ങിയിരുന്നു. അതിന്നും തുടരുന്നു. പുരോഹിതമെത്രാന്മാരുടെ ലൈംഗികപീഡനങ്ങളും സഭകളിലെ കുത്തഴിഞ്ഞ അകത്തളങ്ങളില്‍ ആരുമറിയാതെ നടക്കുന്ന കൊലപാതകങ്ങളും പിടിക്കപ്പെടാതെ പോകുന്നത് അവര്‍ വിശ്വാസികളില്‍നിന്നു വാരിക്കൂട്ടിവെച്ചിരിക്കുന്ന സമ്പത്തിന്റെ ശക്തികൊണ്ടാണ്.

സഭകളുടെയും ഇടവകകളുടെയും സമ്പത്തിനുമേലുള്ള അവകാശവും അവ കൈകാര്യം ചെയ്യാനുള്ള അധികാരവും സഭാവിശ്വാസികളുടെ കൈയില്‍ ആണെന്നു പറയുന്നത് വെറുതെയാണ്. ഇടവകയിലെ അംഗങ്ങള്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവകാശം ഇല്ലാത്ത പൊതുയോഗങ്ങളില്‍ ജനാധിപത്യവിരുദ്ധമായി തെരഞ്ഞെടുക്കപ്പെടുന്ന അല്‍മായ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും കാര്യമായ യാതൊരു അധികാരവും അവകാശവും ഇല്ലയെന്നുള്ളതാണ് വാസ്തവം. അവ നിയന്ത്രിക്കാനും ഉപയോഗിക്കാനുമുള്ള അധികാരം മെത്രാന്‍ പുരോഹിതവര്‍ഗ്ഗത്തിന്റെ കൈകളില്‍ ആക്കി വെച്ചിരിക്കുന്നു. മറ്റുള്ളവരെയൊക്കെ നാമമാത്രമായി അവരോധിക്കുന്നുവെന്നേയുള്ളൂ.

ആ നിയന്ത്രണം ഉണ്ടായിരിക്കുന്നത് വൈദികകുമ്പസാരം എന്ന ആയുധം ഉപയോഗിച്ചാണ്. വൈദികകുമ്പസാരവും ഇടവകയിലെ ജനാധിപത്യപരമായി നടക്കേണ്ട തെരഞ്ഞെടുപ്പും തമ്മില്‍യാതൊരു ബന്ധവും ഇല്ലാതിരിക്കെ സഭാനിയമങ്ങള്‍ ഉണ്ടാക്കി അവ രണ്ടും കൂട്ടിക്കുഴച്ചിരിക്കുന്നു. വൈദികകുമ്പസാരം ക്രിസ്തീയസഭകള്‍ക്കും വിശ്വാസികള്‍ക്കും നാണക്കേട് ഉണ്ടാക്കുന്നു എന്നു മാത്രമല്ല, സഭകളില്‍ അരങ്ങേറുന്ന എല്ലാ തിന്മകളുടെയും ഉറവിടമായും മാറിക്കഴിഞ്ഞിരിക്കുന്നു. ക്രിസ്തീയസഭകളില്‍ ഇന്ന് നടക്കുന്ന ഇടവകപ്പള്ളി പൊതുയോഗങ്ങളില്‍ മഹാഭൂരിപക്ഷം അംഗങ്ങള്‍ക്കും പങ്കെടുക്കാന്‍ സാധിക്കാതെവണ്ണം രാജ്യനിയമങ്ങള്‍ക്കെതിരായും ഇന്ത്യയിലെ പൗരന്മാര്‍ക്ക് രാജ്യത്തെ ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കെതിരായും സഭാഭരണഘടനയില്‍ ചട്ടങ്ങള്‍ എഴുതിവെച്ചുകൊണ്ട് ഇടവകപ്പള്ളി പൊതുയോഗങ്ങള്‍ നടത്തി മഹാഭൂരിപക്ഷം ഇടവകാംഗങ്ങളെയും അവയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നു.

വൈദികന്റെ മുമ്പില്‍ കുമ്പസാരിക്കാത്തവര്‍ക്ക് ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്നുള്ള സഭകളിലെ ചട്ടംമൂലം ഇടവകപ്പള്ളിപ്പൊതുയോഗങ്ങളില്‍ പ്രായപൂര്‍ത്തിയായ ആകെ അംഗങ്ങളില്‍ അഞ്ച് ശതമാനം പേര്‍പോലും പങ്കെടുക്കുന്നില്ല. അങ്ങനെ പൊതുയോഗം എന്ന പേരില്‍ കൂടി ഭൂരിപക്ഷം അംഗങ്ങളുടെയും അവകാശത്തെ ചങ്ങലക്കിട്ടിരിക്കുന്നു.

അത് ഇന്ത്യ എന്ന ജനാധിപത്യരാജ്യത്തെ ജനാധിപത്യചട്ടങ്ങള്‍ക്കു വിരുദ്ധവും ഭരണഘടനാപരമായ പൗരന്റെ അവകാശങ്ങള്‍ക്ക് എതിരും ഇടവകയിലെ അംഗങ്ങളെയും അവരിലെ ഭൂരിപക്ഷത്തെയും ചൂഷണം ചെയ്യുന്നതുമല്ലേ? അതിനാല്‍ കേരളസര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ട കാര്യമാണ് ചര്‍ച്ച് ആക്റ്റ് നിയമമാക്കി കൊണ്ടുവരുക എന്നത്. ക്രിസ്തീയസഭകള്‍ അവരുടെ വിശ്വാസികളെ ചൂഷണം ചെയ്‌യുന്നതു തടയാനും അവരെ മെത്രാന്‍ബിഷോപ്പ് വൈദികരുടെ അടിമത്തത്തില്‍ നിന്നു മോചിപ്പിക്കാനും ജനങ്ങളോടു പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ അത് ചെയ്യണം. അതില്‍ രണ്ടു കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതായിട്ടുമുണ്ട്.

1..വൈദിക കുമ്പസാരം എന്ന പീഡനം അവസാനിപ്പിക്കാന്‍ അതില്‍ വകുപ്പ് ഉണ്ടാകണം. വൈദികകുമ്പസാരം എന്നത് പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റവും പുരോഹിതരുടെ പീഡനോപാധിയും സംസ്‌കാരമുള്ള ഒരു രാജ്യത്തിനും ജനതക്കും യോജിച്ചതുമല്ലല്ലോ. 2..എല്ലാ ഇടവകപ്പള്ളികളും സ്വതന്ത്രമായി നില്‍ക്കുന്ന ഒരു സൊസൈറ്റി, അസ്സോസിയേഷന്‍ അഥവാ ട്രസ്റ്റ് ആയി രൂപീകരിച്ച് അതിലെ സ്വത്തുക്കളുടെ അവകാശവും ഇടവകഭരണവും എല്ലാ അംഗങ്ങളും ചേര്‍ന്നു തെരഞ്ഞെടുക്കുന്ന ഭരണസമിതിക്കു കൈമാറണം.

കേന്ദ്രീകൃതമായ രീതിയില്‍ ഇപ്പോള്‍ കൈവശം വെച്ചുകൊണ്ട് മെത്രാന്മാരുടെയും കത്തനാര്‍മാരുടെയും അധികാരത്തിലും ഭരണത്തിലും ആയിരിക്കുകയും അവരിലൂടെമാത്രം പരിപാലിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയുന്ന ക്രിസ്തീയസഭകളുടെ എല്ലാ സ്വത്തുക്കളും ആ സഭയുടെ കീഴിലുള്ള ഇടവകപ്പള്ളികള്‍ക്കു തുല്യഅവകാശമുള്ളതാക്കി മാറ്റി അവയുടെ ഭരണവും പരിപാലനവും ഒരു കേന്ദ്രീകൃതസൊസൈറ്റിയോ ട്രസ്റ്റോ ഉണ്ടാക്കി അതിനെ ഏല്‍പ്പിക്കണം.

കേന്ദ്രീകൃതസൊസൈറ്റി അഥവാ ട്രസ്റ്റ് ഭരിക്കേണ്ടത് ഇടവകപ്പള്ളികള്‍ തെരഞ്ഞെടുത്തയക്കുന്നവര്‍ ആയിരിക്കണം. അങ്ങനെ ക്രിസ്തീയവിശ്വാസികളുടെ വോട്ടിനുമേല്‍ പുരോഹിതമെത്രാന്മാര്‍ക്ക് ഇപ്പോഴും എന്തെങ്കിലും പിടിയുണ്ടെന്നു തോന്നുന്നുവെങ്കില്‍ അതില്‍നിന്ന് അവരെ വിടുവിക്കാനും സാധിക്കും. ബിഷപ്പുമാരോ മെത്രാന്മാരോ പുരോഹിതരോ ഒന്നുമല്ല ക്രിസ്തീയവിശ്വാസികളുടെ വോട്ടുകള്‍ ഇന്ന് നിശ്ചയിക്കുന്നത്. അതൊക്കെ പണ്ട് അറിവില്ലാത്തവരുടെ കാലത്തായിരുന്നുവല്ലോ. അതിനാല്‍ ക്രിസ്തീയസഭകളിലെ ലൗകികമോഹികളായ നടത്തിപ്പുകാരെയും അതിക്രമക്കാരെയും സര്‍ക്കാര്‍ ഭയപ്പെടരുത്.