ബാബുവിനെ രക്ഷപ്പെടുത്തയ ദൗത്യം; ചിലവ് അരക്കോടി രൂപ

പാലക്കാട്: മലമ്ബുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ഏകദേശം 50 ലക്ഷത്തോളം രൂപ ചെലവിട്ടുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉദ്യോഗസ്ഥരുടേയും മറ്റും സേവനമൂല്യം ഉള്‍പ്പെടുത്താതെയുള്ള തുകയാണ് ഇതെന്ന് അതോറിറ്റി അറിയിച്ചു. ഒരോ ഇനത്തിന്റേയും പ്രത്യേകം കണക്ക് കൃത്യമായി തയ്യാറാക്കി വരുന്നതെയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

ബാബു കുടുങ്ങിയപ്പോള്‍, എന്‍ഡിആര്‍എഫിന്റെ ശ്രമത്തിന് ശേഷമാണ് തീരസംരക്ഷണ സേനയുടെ ചേതക് ഹെലികോപ്ടര്‍ മലമ്ബുഴയില്‍ എത്തുന്നത്. ഈ ഹെലികോപ്ടറിന് മണിക്കൂറിന് രണ്ട് ലക്ഷം രൂപയാണ് ചെലവ്. വ്യോമസേനയുടെ മി ഹെലികോപ്ടറിന് മണിക്കൂറിന് മൂന്ന് ലക്ഷം രൂപയാണ് ചെലവായി വരുന്നത്. കരസേനയുടെ പ്രത്യേക സംഘത്തിന് 15 ലക്ഷം രൂപയാണ് കണക്കാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. എന്‍ഡിആര്‍എഫ്, മറ്റ് സംവിധാനങ്ങള്‍ ഗതാഗതം തുടങ്ങിയവയ്‌ക്ക് ഏകദേശം 30 ലക്ഷം രൂപ ചെലവ് വന്നുവെന്ന കണക്കുകളാണ് ലഭിച്ചിരിക്കുന്നത്.

കൂര്‍മ്ബാച്ചി മലയില്‍ ഇതിനു മുന്‍പും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അടക്കം ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിരവധി പേര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു. രണ്ട് ദിവസത്തോളം മലയിടുക്കില്‍ ഒറ്റയ്‌ക്ക് കഴിഞ്ഞ ബാബുവിനെ സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്.