1476 കോടിയുടെ മയക്കുമരുന്ന് കടത്ത്: വിജിന്റെ എറണാകുളത്തെ സ്ഥാപനത്തിൽ പരിശോധന; സഹോദരനെയടക്കം ചോദ്യംചെയ്തു

കൊച്ചി : മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മുംബൈയിൽ അറസ്റ്റിലായ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസിന്റെ യമിറ്റോ ഫ്രൂട്സ് കമ്പനിയിൽ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കാലടിയിൽ നടന്ന പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം. വിജിൻ വർഗീസിന്റെ സഹോദരൻ ജിബിൻ വർഗീസിനേയും ബിസിനസ് പങ്കാളി ആൽബിനേയും എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. യമ്മി ഇന്‍റർനാഷണൽ ഫുഡ്സ് എന്ന സ്ഥാപനത്തിന്‍റെ സഹ ഉടമയായ ജിബിൻ വർഗീസിനെ കേന്ദീകരിച്ചും അന്വേഷണം തുടരുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് 1476 കോടി വിലവരുന്ന 198 കിലോ വീര്യം കൂടിയ ക്രിസ്റ്റല്‍ മെത്ത്, 9 കിലോ കൊക്കൈയ്ന്‍ എന്നീ ലഹരി മരുന്നാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഡിആര്‍ഐ പിടികൂടിയത്. ട്രക്കില്‍ കടത്തുന്നതിനിടെ വഴിയില്‍ തടഞ്ഞ് വച്ച്‌ പിടികൂടുകയായിരുന്നു. വലന്‍സിയ ഓറഞ്ച് എന്ന പേരിലാണ് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബര്‍ഗില്‍ നിന്ന് ലഹരി മരുന്ന് എത്തിച്ചത്. എറണാകുളം സ്വദേശി വിജിന്‍ വര്‍ഗീസിന്റെ കമ്പനിയായ യമ്മി ഇന്റർണാഷണല്‍ ഫുഡ്‌സ് എന്ന കമ്പനിയുടെ പേരിലായിരുന്നു ഇറക്കുമതി. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് വിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഡിആര്‍ഐ കസ്റ്റഡിയില്‍ വാങ്ങിയത്.

ചോദ്യം ചെയ്യലിനിടെ തന്റെ കൂട്ടാളിയെ കുറിച്ചും ഇയാള്‍ വിവരം നല്‍കിയിരുന്നു. കാസര്‍കോട് സ്വദേശിയായ മന്‍സൂര്‍ തച്ചന്‍പറമ്പൻ എന്നയാളാണ് പിടികൂടിയ കണ്‍സൈന്‍മെന്റ് എത്തിക്കാന്‍ മുന്‍കൈ എടുത്തത്. മുന്‍പ് പലവട്ടം മന്‍സൂറുമായി ചേര്‍ന്ന് പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. 70,30 അനുപാതത്തിലാണ് ലാഭം പങ്കുവച്ചിരുന്നത്. മന്‍സൂര്‍ ഒളിവിലാണ്. മോര്‍ ഫ്രഷ് ഫുഡ്‌സ് എന്നൊരു പഴവര്‍ഗ ഇറക്കുമതി കമ്പനി ഇയാള്‍ക്കുമുണ്ട്.

കൊവിഡ് കാലത്ത് ദുബായിലേക്ക് മാസ്‌ക് കയറ്റി അയച്ചുള്ള കച്ചവടത്തിലൂടെയാണ് ഇരുവരും സൗഹൃദം തുടങ്ങുന്നതെന്ന് ഡിആര്‍ഐ പറയുന്നു. പിന്നീട് മറ്റ് ബിസിനസുകളിലും സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോവാനാണോ ഇന്ത്യയില്‍ വിതരണം ചെയ്യാനാണോ ഇത്രയും അളവ് ലഹരി മരുന്ന് എത്തിച്ചതെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.