കട്ടപ്പനയിലെ ഇരട്ടക്കൊല, വിജയന്റെ ഭാര്യ സുമ അറസ്റ്റിൽ, കേസിലെ മൂന്നാം പ്രതി

ഇടുക്കി കട്ടപ്പന ഇരട്ടക്കൊല കേസില്‍ കൊല്ലപ്പെട്ട വിജയന്റെ ഭാര്യ അറസ്റ്റില്‍. വിജയനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടിയ കേസിലെ മൂന്നാം പ്രതിയാണ് സുമ (57). കഴിഞ്ഞ കുറെ നാളുകളായി വീടിനുള്ളില്‍ കഴിഞ്ഞിരുന്നതിനാല്‍ ഇവരുടെ മാനസികനില മോശമായ അവസ്ഥയിലായിരുന്നു.
വിജയനെ കൊന്നശേഷം മറവുചെയ്യാന്‍ സുമ കൂട്ടുനിന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സുമയെയും പോലീസ് പ്രതി ചേര്‍ത്തിരുന്നു.

നിരവധി തവണ കൗൺസലിങ് നല്‍കി മാനസികനില വീണ്ടെടുത്തതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം യുവതിയെ വര്‍ഷങ്ങളോളം തടവിലാക്കി പീഡിപ്പിച്ചതിന് കേസിലെ മുഖ്യപ്രതി നിതീഷിനെതിരേ പുതിയ പരാതി ലഭിച്ചു. പ്രതി നിതീഷിനെതിരേ വയോധികയെ വര്‍ഷങ്ങള്‍ തടവില്‍ പാര്‍പ്പിച്ച് പീഡനത്തിന് ഇരയാക്കിയതായി മുമ്പ് മറ്റൊരു പരാതിയും ലഭിച്ചിട്ടുണ്ട്. ഈ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.

മാര്‍ച്ച് രണ്ടിന് നഗരത്തില്‍ നടന്ന മോഷണക്കേസില്‍ പ്രതിയായ നിതീഷും, വിഷ്ണുവും പിടിയിലായതിനെ തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇരട്ടക്കൊലക്കേസിന്റെ ചുരുളഴിയുന്നത്. സുമയെ റിമാന്‍ഡ് ചെയ്തു.