വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച വ്യവസായിയായ ശേഖര്‍ മിശ്രയ്ക്കു വേണ്ടി ലുക്കൗട്ട് നോട്ടീസ്

ന്യൂഡല്‍ഹി. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച യുവ വ്യവസായിയായ ശേഖര്‍ മിശ്രയ്ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാളെ ഇന്നലെത്തന്നെ തിരിച്ചറിഞ്ഞിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍സ് ഫാര്‍ഗോ എന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയുടെ ഇന്ത്യാ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റാണ് ശേഖര്‍ മിശ്ര.

ശേഖര്‍ മിശ്രയെ അറസ്റ്റുചെയ്യാനായി ഡല്‍ഹി പോലീസിന്റെ മുംബയില്‍ എത്തി. ശേഖര്‍ മിശ്ര മുംബയില്‍ തന്നെയുണ്ടെന്നാണ് പോലീസ് കരുതുന്നത്. യാത്രക്കാരിയുടെ പരാതിയെത്തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. യാത്രക്കാരിയുടെ പരാതി പോലീസിന് കൈമാറുന്നതില്‍ എയര്‍ ഇന്ത്യയ്ക്ക് വീഴ്ച പറ്റിയെന്നും പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ നവംബര്‍ 26നാണ് കര്‍ണാടക സ്വദേശിനിയായ സഹയാത്രിയുടെ ശരീരത്തില്‍ ശേഖര്‍ മിശ്ര മൂത്രമൊഴിച്ചത്. മദ്യലഹരിയില്‍ യുവതിയുടെ സീറ്റിനടുത്തുചെന്നായിരുന്നു ഇങ്ങനെ ചെയ്തത്. അപ്പോള്‍ തന്നെ എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കിയെങ്കിലും ഇത് പോലീസിന് കൈമാറുന്നത് മനപൂര്‍വം വൈകിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. സംഭവം നടന്ന ദിവസം ജോലിയില്‍ ഉണ്ടായിരുന്ന വിമാന ജീവനക്കാരെയും ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.