ജിംബ്രൂട്ടന് മം​ഗളാശംസകൾ നേർന്ന് താരങ്ങൾ, ലോക് ഡൗണിന് ശേഷം ദമ്പതികളെ വീട്ടിലേക്ക് ക്ഷണിച്ച്‌ മമ്മൂട്ടി

ചെറിയ വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനാണ് ഗോകുലൻ. വിവാഹിതനാകാൻ പോകുന്ന കാര്യം താരെ തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ പുറത്തുവിട്ടത്. പെരുമ്പാവൂർ അയ്മുറി സ്വദേശി ധന്യയാണ് വധു. കൊറോണയും ലോക്ഡൗണുമായ സാഹചര്യത്തിൽ വളരെ ലളിതമായിട്ടാണ് വിവാഹം നടന്നത്. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ലോക്ക് ഡൗണിനുശേഷം തങ്ങളെ മമ്മൂക്ക വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചിട്ടുണ്ടെന്ന് ​ഗോകുലൻ പറഞ്ഞു. താൻ സ്വപ്നം കണ്ടപോലെ തൻറെ ആഗ്രഹം പോലെ ലളിതമായി വിവാഹം നടന്നു. സാഹചര്യം ഇങ്ങനെയാണ്, വിവാഹമല്ല ആഘോഷിക്കപ്പെടേണ്ടത്, ദാമ്പത്യമാണ് ആഘോഷിക്കേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.

വിവാഹത്തിന് ആശംസകളുമായി താരങ്ങളും രംഗത്തെത്തി. ‘എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു ‘ എന്നാണ് നടൻ ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചത്. ജയസൂര്യ ചിത്രം പുണ്യാളൻ അഗർബത്തീസിൽ ജിംബ്രൂട്ടനെ മലയാളികൾ മറക്കില്ല. നമ്മുടെ ജിബ്രൂട്ടൻ വിവാഹിതനായി, വിവാഹമംഗളാശംസകൾ പ്രിയ ഗോകുൽ എന്നാണ് ഗിന്നസ് പക്രുവിന്റെ ആശംസ.

രഞ്ജിത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ അഭിനയിച്ച പുണ്യാളൻ അ​ഗർബത്തീസ് എന്ന ചിത്രത്തിലെ ​ഗോകുലൻ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ജിംബ്രൂട്ടൻ. ഗോകുലൻ ഇന്നും ഈ വേഷത്തിലൂടെയാണ് അറിയപ്പെടുന്നത്. ശേഷം പ്രമുഖ താരങ്ങളഭിനയിച്ച ഒത്തിരി ചിത്രങ്ങളിൽ ചെറുതും വലുതമായ സിനിമകളിൽ അഭിനിച്ചിട്ടുണ്ട്. ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി, എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകൾ.