മോദി കേരളത്തിലെത്തിയപ്പോള്‍ പിണറായി ഡല്‍ഹിക്ക് പോയി, യാത്ര മോദി കൂടിക്കാഴ്ചയ്ക്ക് അവസരം നല്കുന്നില്ലെന്ന പരാതിക്കിടെ

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹിക്ക് പോയി. പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കുന്നില്ലെന്ന് പരാതിപ്പെടാറുള്ള മുഖ്യമന്ത്രിയാണ് മോദി കേരളത്തിലെത്തിയപ്പോള്‍ ഡല്‍ഹിക്കു പോയത്. എട്ടൊമ്പത് മണിക്കൂര്‍ അദ്ദേഹം എറണാകുളത്തുണ്ട്. പക്ഷേ, സംസ്ഥാന കാര്യങ്ങള്‍ പറയാന്‍ മുഖ്യമന്ത്രിയില്ല, മന്ത്രിമാര്‍ പലരുമില്ല.വീണ്ടും പ്രധാനമന്ത്രിയായശേഷം ആദ്യമായി സംസ്ഥാനത്ത് എത്തിയ നരേന്ദ്ര മോദിയെ സ്വീകരിച്ച് ആവശ്യങ്ങള്‍ ഉന്നയിക്കേണ്ട മുഖ്യമന്ത്രിയും പരിവാരങ്ങളും സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിലാണ്.

ഇന്നലെ രാത്രി 11.30നാണ് കൊച്ചിയിലെ നാവിക വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയെ ഏതു സമയവും കാണാമെന്നിരിക്കെ, കൂടിക്കാഴ്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സമയം ചോദിച്ചിട്ടില്ല. നാലു ദിവസം മുമ്‌ബേ പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശന പരിപാടി പ്രഖ്യാപിച്ചതാണ്. ഇന്നലെ രാത്രി സംസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ കാലത്ത് എട്ടുമണിവരെയുണ്ട്. മടങ്ങിപ്പോകുന്നതിനിടെ, നെടുമ്ബാശേരി വിമാനത്താവളത്തില്‍ ഒന്നേകാല്‍ മണിക്കൂറുണ്ട്.

പക്ഷേ, മുഖ്യമന്ത്രി, രണ്ടാമന്‍ വ്യവസായ മന്ത്രി, ആരോഗ്യ മന്ത്രി തുടങ്ങി പ്രമുഖരാരും സ്ഥലത്തില്ല. കൂടിക്കാഴ്ചയ്ക്കും പുതിയ കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണങ്ങളില്‍ കേരള ആവശ്യങ്ങള്‍ ഉന്നയിക്കാനും പറ്റിയ അവസരമാണ് നഷ്ടമാക്കിയത്. മുഖ്യമന്ത്രി പിണറായിയും ഇ.പി. ജയരാജനും ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രമുഖ മന്ത്രിമാരെല്ലാം സിപിഎം കേന്ദ്രകമ്മറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലാണ്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാത്രമാണ് എറണാകുളത്ത് എത്തിയത്.