നാഷ്ണല്‍ ഹെറാള്‍ഡ് കേസ്; ഇഡി സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വീണ്ടും ചോദ്യം ചെയ്‌തേക്കും

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും. നാഷ്ണല്‍ ഹെറാള്‍ഡിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാകും വീണ്ടും ഇരുവരെയും ചോദ്യം ചെയ്യുക.

യങ് ഇന്ത്യ എന്ന കമ്പനിയിലേക്ക് വിവിധ ഷെല്‍ കമ്പനികളില്‍ നിന്ന് വലിയ തോതില്‍ പണം കൈമാറ്റം നടന്നതിന്റെ തെളിവുകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. യങ് ഇന്ത്യയില്‍ 76 ശതമാനം ഓഹരിയാണ് സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും ഉള്ളത്.

എന്നാല്‍ ഷെല്‍ കമ്പനികളില്‍ നിന്നും യഥാര്‍ത്ഥത്തില്‍ പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സംശയമുണ്ട്. അക്കൗണ്ട് ബുക്കില്‍ ഇടപാടിനെ സംബന്ധിച്ച് രേഖപ്പെടുത്തിയ ശേഷം കള്ളപ്പണം വെളുപ്പിച്ചതാണോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

2016-ല്‍ കേസിലെ വിചാരമ സ്‌റ്റേ ചെയ്യണമെന്ന സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.ഇതിന് ശേഷവും ഷെല്‍ കമ്പനികളില്‍ നിന്ന് പണം എത്തിയതായി ഇഡി കണ്ടെത്തി. മുമ്പ് സോണിയ ഗാന്ധിയെ മുന്ന് ദിവസവും രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവുമായിരുന്നു ഇഡി ചോദ്യം ചെയ്തത്.