രാഷ്ട്രീയം വിടുന്നു, സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഹര്‍ഷ് വര്‍ധന്‍

ന്യൂഡൽഹി: മുതിര്‍ന്ന ബിജെപി നേതാവ് ഹര്‍ഷ വര്‍ധന്‍ രാഷ്ട്രീയം ഉപേക്ഷിച്ചു. ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. ആദ്യത്തെ നരേന്ദ്ര മോദി സര്‍ക്കാരില്‍ ആരോഗ്യ-കുടുംബക്ഷേമം, ശാസ്ത്ര സാങ്കേതിക വകുപ്പുകളില്‍ മന്ത്രിയായിരുന്നു. രണ്ടു തവണ എംപിയുമായിരുന്നു.

കേന്ദ്ര മന്ത്രിസഭയിൽ ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപന കാലത്ത് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്നു ഇദ്ദേഹം. കോവിഡ് പ്രതിരോധ നടപടികളിലെ പോരായ്മകൾ നിമിത്തം പിന്നീട് മന്ത്രിസ്ഥാനം നഷ്ടമായി.

എക്സ് പ്ലാറ്റ്ഫോമിൽ സാമാന്യം ദീർഘമായ കുറിപ്പു പങ്കുവച്ചാണ് ഹർഷ് വർധൻ രാഷ്ട്രീയം മതിയാക്കുന്ന വിവരം പരസ്യമാക്കിയത്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഊർജസ്വലനായ പ്രധാനമന്ത്രിയെന്ന് നരേന്ദ്ര മോദിയെ വിശേഷിപ്പിച്ച ഹർഷ് വർധൻ, അദ്ദേഹത്തിനൊപ്പം അടുത്ത് ജോലി ചെയ്യാൻ ലഭിച്ച അവസരം വലിയൊരു അംഗീകാരമാണെന്നും കുറിച്ചു. അധികാരത്തിലേക്ക് കൂടുതൽ കരുത്തോടെ തിരിച്ചെത്തണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും ഹർഷ് വർധൻ അഭിപ്രായപ്പെട്ടു. കൃഷ്ണ നഗറിലെ ഇഎൻടി ക്ലിനിക് തന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നുണ്ടെന്ന ഓർമപ്പെടുത്തലോടെയാണ് ഹർഷ് വർധൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അഞ്ച് തവണ നിയമസഭയിലേക്കും രണ്ടു തവലണ ലോക്സഭയിലേക്കും ജയിച്ച 30 വർഷത്തോളം നീളുന്ന തിരഞ്ഞെടുപ്പു കരിയറിന് തിരശീലയിടുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇക്കാലയളവിൽ പാർട്ടിക്കുള്ളിലും കേന്ദ്ര, സംസ്ഥാന സർക്കാരുകളിലും സുപ്രധാന ചുമതലകൾ വഹിക്കാൻ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാർക്കു സേവനം ചെയ്യാനുള്ള തന്റെ അദമ്യമായ ആഗ്രഹം നിറവേറ്റാനായെന്ന ചാരിതാർഥ്യത്തോടെയാണ് രാഷ്ട്രീയത്തോട് വിട പറയുന്നതെന്നും ഹർഷ് വർധൻ കുറിച്ചു.