ജോലിക്ക് ചേര്‍ന്ന ആദ്യദിവസം നഴ്‌സായ യുവതി ആശുപത്രികെട്ടിടത്തില്‍ മരിച്ചനിലയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ജോലിക്ക് ചേര്‍ന്ന ആദ്യദിവസം തന്നെ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉന്നാവിലെ ന്യൂജീവന്‍ ആശുപത്രിയില്‍ നഴ്‌സായ യുവതിയെയാണ് ആശുപത്രികെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും യുവതി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ബന്ധുക്കളുടെ പരാതിയില്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ അടക്കം മൂന്ന് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. വെള്ളിയാഴ്ചയാണ് യുവതി ന്യൂജീവന്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഉന്നാവ് അഡീഷണല്‍ എസ്.പി. ശശിശേഖര്‍ സിങ് പറഞ്ഞു.