സങ്കൽപ് സപ്താഹ്, ഇന്ത്യയുടെ വിജയത്തിന്റെ പ്രതീകം, ജി20 ഉച്ചകോടി പോലെ പ്രധാനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി. ഒരാഴ്ച നീണ്ടുനിൽക്കുന്ന എ.ബി പ്രോഗ്രാമായ സങ്കൽപ് സപ്താഹ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 ഉച്ചകോടി പോലെ പ്രധാനമാണ് എ.ബി പ്രോഗ്രാം (ആസ്പിറേഷനൽ ബ്ലോക്ക്സ് പ്രോഗ്രാം) എന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരത് മണ്ഡപത്തിൽ വച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ജനുവരി ഏഴിനായിരുന്നു എ.ബി പ്രോഗ്രാമിന് പ്രധാനമന്ത്രി സമാരംഭം കുറിച്ചത്. ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാമിലൂടെ വിജയിക്കുന്നവരുടെ ഭാവി ശോഭനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു

പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി ബ്ലോക്ക് തലത്തിൽ സർക്കാർ സേവനങ്ങളും ഭരണനിർവ്വഹണവും മെച്ചപ്പെടുത്തുകയെന്നതാണ് എ.ബി പ്രോഗ്രാമിന്റെ ലക്ഷ്യം. രാജ്യത്തെ 329 ജില്ലകളിലായി സജ്ജമാക്കിയിട്ടുള്ള 500 ആസ്പിറേഷനൽ ബ്ലോക്കുകളാണ് പദ്ധതിയുടെ കീഴിൽ വരിക. സങ്കൽപ് സപ്താഹിന്റെ ഭാഗമായി 500 ആസ്പേറഷണൽ ബ്ലോക്കുകളും ഒക്ടോബർ 3 മുതൽ ഒമ്പത് വരെ പ്രത്യേക ഡെവലപ്മെന്റ് തീം പ്രകാരമാണ് പ്രവർത്തിക്കുക. സമ്പൂർണ സ്വാസ്ഥ്യ, സുപോഷിത് പരിവാർ, സ്വച്ഛത, കൃഷി, ശിക്ഷ, സമൃദ്ധി ദിവസ് എന്നിവയാണ് ആദ്യ ആറ് ദിവസങ്ങളിലെ ഡെവലപ്മെന്റ് തീം.

ഭാരത് മണ്ഡപത്തിൽ നടന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 3000-ത്തോളം ബ്ലോക്ക് തല ജനപ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു. ബ്ലോക്ക്, പഞ്ചായത്ത് തല ഭാരവാഹികൾ, കർഷകർ, സമൂഹ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ രണ്ട് ലക്ഷത്തോളം പേർ വെർച്ച്വലായും പരിപാടിയുടെ ഭാഗമാകുന്നുണ്ട്.