സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധി രൂക്ഷം, സർക്കാരിന് കെഎസ്ഇബി റിപ്പോർട്ട് നൽകും

തിരുവനന്തപുരം. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി. ഈ മാസം 21ന് വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ഇബി ചെയര്‍മാനോട് മന്ത്രി നിര്‍ദേശിച്ചു. അതേസമയം വിലകൂടിയ വൈദ്യുതി വാങ്ങുവനാണ് തീരുമാനം. സംസ്ഥാനത്ത് പവര്‍കട്ട് നടപ്പാക്കണോ എന്ന് 21ന് ശേഷം തീരുമാനിക്കും. വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് കേരളത്തില്‍.

നിലവില്‍ സംഭവരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് ഡാമുകളിലുള്ളത്. കഴിഞ്ഞ വര്‍ഷം 81 ശതമാനം വെള്ളം ഉണ്ടായിരുന്നുവെന്നാണ് കണക്ക്. പ്രതിസന്ധി മറികടക്കാന്‍ പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സര്‍ജാര്‍ജ് ഈടാക്കേണ്ടിവരും. നിലവില്‍ 10 കോടിയുടെ വൈദ്യുതിയാണ് പുറത്തുനിന്നും ദിവസവും വാങ്ങുന്നത്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാല്‍ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് മന്ത്രി മുമ്പ് പറഞ്ഞിരുന്നു. എത്ര രൂപയ്ക്ക് വൈദ്യുതി പുറത്തുനിന്നും വാങ്ങുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നിരക്ക് വര്‍ദ്ധന.