സിൽവർ ലൈൻ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കും, എൽഡിഎഫ് സർക്കാർ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്നു, വിമർശിച്ച് അഡ്വ. പ്രശാന്ത് ഭൂഷൺ

തിരുവനന്തപുരം. ഇടതുപക്ഷ ഭരണകൂടം ജനവിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്നു. എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. കേരളത്തിലെ എൽഡിഎഫ് സർക്കാർ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും സർക്കാർ സിൽവർ ലൈനുമായി മുന്നോട്ടുപോയി. വിഴിഞ്ഞം തുറമുഖ നിർമ്മാണം മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കി. കേരളത്തിലെ സഹകരണ മേഖലകളിൽ തട്ടിപ്പുകൾ വർദ്ധിക്കുമെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി’നെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’എന്ന ആശയം നടപ്പാക്കാൻ ചില ഭരണഘടന ഭേദഗതികൾ നടപ്പിലാക്കേണ്ടി വരും. അത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ബാധിക്കുമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. പ്രത്യേക പാർലമെൻററി സമ്മേളനത്തിൽ എട്ട് ബില്ലുകൾ ചർച്ച ചെയ്യുമെന്ന് പറഞ്ഞതിൽ ഒന്നു പോലും പരിഗണിച്ചില്ല. ഇപ്പോൾ പാസാക്കിയ വനിതാ സംവരണം ബിൽ നടപ്പിലാക്കാൻ ഇനിയും വർഷങ്ങൾ എടുക്കുമെന്നും പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി.