ജീസസും ലൂസിഫറും, സോഷ്യല്‍ മീഡിയ കീഴടക്കി പൃഥ്വിരാജ് പങ്കുവെച്ച ചിത്രം

എമ്പുരാന്റെ സംവിധായകനായ പൃഥ്വിവിരാജാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലൂസിഫര്‍ വന്‍ വിജയമായപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിക്കുകയാണ് സീക്വല്‍ ആയ എമ്പുരാനുവേണ്ടി. ചിത്രത്തെ സംബന്ധിച്ചുവരുന്ന ഓരോ വാര്‍ത്തയും, ചിത്രങ്ങളും മോഹന്‍ ലാലിന്റെയും, പൃഥ്വിരാജിന്റെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കാറുമുണ്ട്. ആ നിരയിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത് ഒരു ചിത്രമാണ്.

ലൂസിഫറില്‍ ടൊവിനോ അവതരിപ്പിച്ച ജതിന് രാംദാസ് എന്ന കഥാപാത്രവും, മോഹന്‍ ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രവും പുറം തിരിഞ്ഞു നില്‍ക്കുന്നതായാണ് ചിത്രത്തില്‍. ജതിന്‍ വലം കൈകൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ കൈ J എന്ന അക്ഷരത്തിന്റെ രൂപത്തിലും, സ്റ്റീഫന്‍ ഇടത് കൈ കൊണ്ട് അഴികളില്‍ പിടിച്ചിരിക്കുമ്പോള്‍ L എന്ന അക്ഷരത്തിന്റെ രൂപത്തിലും കാണാം. ഇവയെ ജതിന്‍ എന്നോ ജീസസ് എന്നോ വായിക്കാമെന്ന് കാഴ്ചക്കാര്‍ പറയുന്നു. L എന്നത് ലൂസിഫര്‍ എന്നും വായിക്കാമെന്ന് ചിലര്‍.

രചയിതാവായ മുരളി ഗോപിയെ ടാഗ് ചെയ്താണ് പൃഥ്വി ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഖുറേഷി എബ്രഹാമായുള്ള സ്റ്റീഫന്റെ ജീവിതം എങ്ങനെയുള്ളതായിരുന്നു എന്നറിയാനായി ആരാധകര്‍ കാത്തിരിക്കുകയാണ്. പൃഥ്വിരാജ് നിലവില്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങളുടെ പൂര്‍ത്തീകരണത്തിന് ശേഷമാകും, എഴുത്ത് ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന എമ്ബുരാന്റെ ചിത്രീകരണം തുടങ്ങുന്നത്.