റെയില്‍വേ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതില്‍ വിമര്‍ശനവുമായി രാഹുല്‍

സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ യാത്രാ നിരക്ക്‌ ഈടാക്കുന്ന തീരുമാനത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിരോധത്തിന് പിഎം കെയേഴ്സ് ഫണ്ടിലേക്ക് 151 കോടിരൂപ ഇന്ത്യന്‍ റെയില്‍വേ സംഭാവന ചെയ്തുവെന്ന വാര്‍ത്തയുടെ തലക്കെട്ട് അടക്കം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരുക്കുന്നത്.

‘ഒരു വശത്ത് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളില്‍ നിന്ന് റെയില്‍വേ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു, മറുവശത്ത് റെയില്‍ മന്ത്രാലയം 151 കോടി രൂപ പിഎം കെയേഴ്‌സ് ഫണ്ടില്‍ നിക്ഷേപിക്കുന്നു.’ദയവായി ഈ പസില്‍ പരിഹരിക്കുക’. രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെനാട്ടിലേക്ക് തിരിച്ചുപോവുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിര്‍ധനരായവരുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. യാത്രാനിരക്ക് ഈടാക്കാനുള്ള തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സോണിയ ഗാന്ധി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിതെന്നും ഇത് കോണ്‍ഗ്രസിന്റെ എളിയ സേവനമാണെന്നുമാണ് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്.