വിവരം അറിഞ്ഞപ്പോഴേ നടപടി, സുരേഷ് ഗോപിയുടെ ഇടപെടലില്‍ അകന്നത് 14 കുടുംബങ്ങള്‍ക്ക് മേല്‍ നിന്ന ഭീഷണി

തൃശ്ശൂര്‍:അഭിനയ ജീവിതത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കടന്നയാളാണ് സുരേഷ് ഗോപി.എന്നാല്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ പല ട്രോള്‍ ആക്രമണങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയമാവുകയും ചെയ്തു.എന്നാല്‍ തന്നെക്കോണ്ട് ആവുന്ന വിധത്തില്‍ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ചെയ്ത് കൊടുക്കാന്‍ ശ്രമിക്കുന്ന പല വാര്‍ത്തകളും പുറത്തെത്തിയിരുന്നു.ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ വീണ്ടും പുറത്തെത്തുന്നത്.

14 കുടുംബങ്ങള്‍ക്ക് ഭീഷണിയായി നിന്നിരുന്ന പുത്തൂരിലെ ആനക്കുഴിയിലെ കൂറ്റന്‍ തേക്ക് മരങ്ങള്‍ മുറിച്ചു നീക്കിയിരിക്കുകയാണ്.മരം മുറിക്കാന്‍ സുരേഷ് ഗോപി എംപിയാണ് പണം അനുവദിച്ചത്.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയ ശേഷമാണ് മരങ്ങള്‍ മുറിച്ചു മാറ്റിയത്.സുരേഷ് ഗോപി എംപി വിവരം അറിഞ്ഞത് മാധ്യമത്തില്‍ എത്തിയ വാര്‍ത്തയിലൂടെയാണ്.വിവരം അറിഞ്ഞ ഉടന്‍ തന്നെ തൃശ്ശൂരിലെ ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷിന് വിളിച്ച് കുടുംബങ്ങളെ സഹായിക്കാനുള്ള നിര്‍ദേശം നല്‍കി.ഇപ്പോള്‍ തങ്ങള്‍ക്ക് ഭീഷണിയായി നിന്ന മരങ്ങള്‍ മുറിച്ചു മാറ്റിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ കുടുംബങ്ങള്‍.സുരേഷ് ഗോപി എംപിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് വീടുകള്‍ക്കു മുമ്പില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രദേശത്തുള്ള കുടുംബങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.മരം മുറിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി മടുത്തിരുന്നു.ഒടുവില്‍ സുരേഷ് ഗോപിയുടെ കടാക്ഷത്തില്‍ കുടുംബങ്ങള്‍ക്ക് മേല്‍ നിന്നിരുന്ന ഭീഷണിയാണ് ഒഴിവായി കിട്ടിയത്.