ഓടുന്ന ട്രെയിനില്‍ അഭ്യാസംനടത്തി ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ താഴെ വീണു, തല ട്രെയിനിന് അടിയില്‍; വീഡിയോ

മുംബൈ : ഓടുന്ന ട്രെയിനില്‍ അഭ്യാസ പ്രകടനം നടത്തുന്ന യുവാവിന്റെ വീഡിയോ സോഷഅയല്‍ മീഡിയയില്‍ വൈറല്‍. ‘ട്രെയിന്‍ സ്റ്റണ്ടി’ന്റെ ഭാഗമായി ടിക്ടോക് വിഡിയോ എടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍ക്കമ്പികളില്‍ പിടിച്ച് താഴേക്ക് ഇറങ്ങാന്‍ ശ്രമിച്ച യുവാവിന്റെ കൈവഴുതി. പിടിവിട്ട് പുറത്തേക്കു വീണ യുവാവിന്റെ തല ട്രെയിനിന് അടിയിലേക്കു പോയെങ്കിലും കോച്ചിന്റെ വശത്തു തട്ടി പാളത്തിനു പുറത്തേക്കാണ് വീണത്. തലനാരിഴ വ്യത്യാസത്തിലാണ് ട്രെയിൻ ചക്രങ്ങൾ ശരീരത്തിൽ കയറാതെ രക്ഷപ്പെട്ടത്. അപകടം കണ്ട് ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന യാത്രക്കാരെയും വിഡിയോയിൽ കാണാം.

വിഡിയോ പുറത്തു വന്നതോടെ യുവാവിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യൽ റെയിൽവേ ഔദ്യോഗിക ട്വിറ്റർ പേജിൽ വിഡിയോ പങ്കുവച്ച് യുവാവിന് താക്കീതും ഉപദേശവും നൽകുന്നുണ്ട്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്ന് ഇറങ്ങുന്നത് അപകടകരമാണ്. ഒരു സ്റ്റണ്ട് കണ്ടുനിൽക്കുന്നത് രസകരമായിരിക്കാം, എന്നാൽ ഭാഗ്യമെപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാവില്ല. ദയവായി ഇത് ചെയ്യരുത്, മറ്റുള്ളവരെ ഇത് ചെയ്യാൻ അനുവദിക്കുകയുമരുത്. ജീവിതം അമൂല്യമാണ്. ഇത്തരം അഭ്യാസ പ്രകടനങ്ങൾ വഴി നിങ്ങളുടെ ജീവൻ അപകടപ്പെടുത്തരുത്’ –എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് റെയിൽവേ അധികൃതർ കുറിച്ചിരിക്കുന്നത്.


യുവാവിനെതിരെ റയിൽവേ മന്ത്രി പിയൂഷ് ഗോയലും രംഗത്തെത്തി. ‘ചലിക്കുന്ന ട്രെയിനിൽ സ്റ്റണ്ടുകൾ കാണിക്കുന്നത് ധൈര്യമല്ല. നിങ്ങളുടെ ജീവിതം അമൂല്യമാണ്, അത് അപകടത്തിലാക്കരുത്. നിയമങ്ങൾ പാലിക്കുക, സുരക്ഷിതമായ യാത്ര ആസ്വദിക്കുക.’ എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.