റാങ്ക് ലിസ്റ്റിൽ ഉള്ള ചെറുപ്പക്കാർ ജോലിക്കായി യാചിക്കുന്നു, പണി തരൂ സർക്കാരേ

തിരുവനന്തപുരം. പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാതെ വന്നതോടെ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി സെക്രട്ടറിയേറ്റിന് മുന്നില്‍. കണ്ണൂരുന്നും കാസര്‍കോടുന്നുമുള്ള ചെറുപ്പക്കാരാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. സമരത്തില്‍ പങ്കെടുക്കുന്ന പലരും 10 വര്‍ഷം മുമ്പ് റാങ്ക് ലിസ്റ്റില്‍ എത്തിയവരാണ്. എന്നാല്‍ ജോലി ലഭിച്ചില്ല. തങ്ങള്‍ക്ക് ജോലി ലഭിക്കാത്തതിന് കാരണം പിന്‍വാതില്‍ നിയമനമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

വനം വകുപ്പില്‍ ഡ്രൈവറായി നിയമനം ലഭിക്കേണ്ടവരാണ് സമരം ചെയ്യുന്നത്. പത്ത് വര്‍ഷമായി ഫോറസ്റ്റ് ഡ്രൈവറുടെ തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു. സംസ്ഥാനത്ത് 682 വാഹനങ്ങളാണ് വനം വകുപ്പിനുള്ളത്. അതില്‍ 242 സ്ഥിരം ഡ്രൈവര്‍മാരും ബാക്കി താല്കാലിക ഡ്രൈവര്‍മാരുമാണ് ഉള്ളത്.

യൂണിഫോം ജോലിയില്‍ താല്കാലിക ജോലിക്കാര്‍ പാടില്ലെന്ന നിയമം ഉണ്ടായിട്ടു കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ അത് ലംഘിച്ചതെന്നും അവര്‍ പറയുന്നു. ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ എല്ലാരും തന്നെ പ്രായ പരിധി കടന്നവരാണെന്നും ഇനി ഒരു പി എസ് സി പരീക്ഷ എഴുതാന്‍ സാധിക്കാത്തവരാണെന്നും യുവാക്കള്‍ പറയുന്നു.