നടൻ ആശിഷ് വിദ്യാർത്ഥി വീണ്ടും വിവാഹിതനായി, വധു നടി ശകുന്തള ബറുവയുടെ മകൾ രൂപാലി

സിഐഡി മൂസ, ബാച്ചിലർ പാർട്ടി, ചെസ് എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ തെന്നിന്ത്യൻ നടൻ ആശിഷ് വിദ്യാർത്ഥി അറുപതാം വയസിൽ നടൻ വീണ്ടും വിവാഹിതനായി. വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. അസമിൽ നിന്നുള്ള നടി ശകുന്തള ബറുവയുടെ മകൾ രൂപാലി ബറുവയാണ് വധു. ഗുവാഹട്ടി സ്വദേശിനിയായ ഇവർ കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ഫാഷൻ സംരംഭത്തിന്റെ ഉടമയാണ്.

കുടുംബാംഗങ്ങളും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നിരിക്കുന്നത്. രൂപാലിയെ സ്വന്തമാക്കിയതും ഈ പ്രായത്തിൽ വിവാഹം കഴിച്ചതും വളരെ വ്യത്യസ്തമായ അനുഭവമായെന്നാണ് നടൻ ആശിഷ് വിദ്യാർത്ഥി പറഞ്ഞിരിക്കുന്നത്. കുറച്ചു നാളുകൾക്ക് മുമ്പായിരുന്നു രൂപാലിയെ ആദ്യമായി കണ്ടുമുട്ടുന്നത്. വിവാഹ ചടങ്ങ് ലളിതമയി നടത്തിയാൽ മതിയെന്ന് രണ്ടുപേരും ചേർന്ന് തീരുമാനിക്കുകയായിരുന്നു – ആശിഷ് വിദ്യാർത്ഥി പറഞ്ഞു.

ബോളിവുഡ്, തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഉൾപ്പടെ നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ആശിഷ് വിദ്യാർത്ഥി വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷക സ്വീകാര്യത ശ്രദ്ധ നേടിയിട്ടുള്ളത്. ഒഡിയ, മറാത്തി. ബംഗാളി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 11 വ്യത്യസ്ത ഭാഷകളിലായി മൂന്നൂറോളം ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നടനാണ് ആശിഷ് വിദ്യാർത്ഥി.