ഗര്‍ഭിണിയായ ഭാര്യ പ്രളയത്തില്‍ പെട്ടു, രക്ഷിക്കണം: പൊട്ടിക്കരഞ്ഞ് അപ്പാനി ശരത്

എക്കാലത്തെയും വലിയ പ്രളയം നേരിടുന്ന കേരളത്തിനു വേണ്ടി ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ളവര്‍ ഒരേ മനസ്സോടെ കൈകോര്‍ക്കുകയാണ്. ഇതിന്റെ ഫലമായി ഏറ്റവും വലിയ ദുരന്തത്തില്‍ നിന്ന് നിരവധി ജീവനുകള്‍ കരകയറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും നിരവധിപ്പേരാണ് ദുരന്തകയത്തില്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കായി കണ്ണീരും പ്രാര്‍ത്ഥനയുമായി കാത്തിരിക്കുന്ന ബന്ധുക്കളില്‍ നടന്‍ അപ്പാനി ശരത്തുമുണ്ട്. പ്രളയത്തിലകപ്പെട്ടുപോയ ഭാര്യയെ രക്ഷിക്കാനാവാതെ കരഞ്ഞുകൊണ്ട് താരം ഫെയ്‌സ്ബുക്ക് ലൈവിലെത്തി.

‘ചെന്നൈയില്‍ ഷൂട്ടിലാണ്. നാട്ടിലേയ്ക്ക് എത്താന്‍ പറ്റാത്ത അവസ്ഥ. ഭാര്യയുടെ വീട് മാന്നാര്‍ ആണ്. അവിടെ വെള്ളം കയറി. അവരെ വെണ്‍മണിയിലേയ്ക്ക് മാറ്റി. ഇപ്പോള്‍ വെണ്‍മണിയിലേയ്ക്കും വെള്ളം കയറിയെന്നാണറിയാന്‍ കഴിയുന്നത്. ആരെങ്കിലും അവിടെയുണ്ടെങ്കില്‍ സഹായിക്കണം. രേഷ്മയെന്നാണ് ഭാര്യയുടെ പേര് അവള്‍ സുരക്ഷിതയാണെന്നറിഞ്ഞാല്‍ മതി. 9 മാസം ഗര്‍ഭിണിയാണ്. ഞാന്‍ അടുത്തില്ല. അവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അറിയിക്കണം.

എന്താ ചെയ്യണ്ടതെന്ന് അറിയില്ല. ആരെയും വിളിച്ചിട്ട് കിട്ടുന്നില്ല. രാവിലെ എഴുന്നേറ്റപ്പോള്‍ വെണ്‍മണി മുഴുവന്‍ വെള്ളം കയറിയെന്ന വാര്‍ത്തയാണ് കാണുന്നത്. ഈ ഭാഗത്തുള്ള ആരെങ്കിലും എന്തെങ്കിലും അറിയുകയാണെങ്കില്‍ എന്നെ അറിയിക്കണം. എന്റെ നമ്പര്‍ 9072743107 ആണ്. വീട്ടില്‍ മൂന്നുനാലു പേരുണ്ട്. ബാക്കി എല്ലാവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാം. എല്ലാവരും സൂക്ഷിക്കുക. ഇപ്പോള്‍ ഒരു പ്രവാസിയെപ്പോലെയാണ്. ഇവിടെയിരുന്ന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല’ കണ്ണീരോടെ ശരത് പറഞ്ഞു.