ലോകത്തിന്റെ ഈ ഭാഗത്ത് ഒരു മലയാളി മാത്രം, അസർബെയ്സാനിൽ നിന്ന് കണ്ണീരോടെ ബിജിത

ലോക്ക് ഡൗൺമൂലം ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ധാരാളം മലയാളികളാണ് കുടുങ്ങികിടക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ തിരിച്ചെത്തിക്കാനായി വന്ദേഭാരത് മിഷനൊക്കെ സംഘടിപ്പിക്കുന്നുണ്ടെങ്കിലും നിരവധി ആളുകൾ ഇപ്പോഴും കുടുങ്ങികിടക്കുകയാണ്  പലരുടെയും കയ്യിലുള്ള പണമെല്ലാം തീർന്ന അവസ്ഥയാണ്. നാട്ടിലേക്ക് വരാൻ പണമില്ലാതെയും കൂട്ടിനൊരാളുപോലുമില്ലാതെയും കുടുങ്ങിക്കിടക്കുന്ന വിഷമത്തിലാണ് തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി ബിജിത. ജർമനിയിൽ ജോലി ലക്ഷ്യമിട്ടു ജർമൻ ഭാഷ പഠിക്കാൻ പോയ ബിജിയ അസർബെയ്ജാനിലാണ് കുടുങ്ങിക്കിട്ക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പഠനം മുടങ്ങിയെങ്കിലും നാട്ടിലേക്കു മടങ്ങാനും ബിജിതക്ക് സാധിക്കുന്നില്ല.

എപ്പോൾ ലോക്ക് ഡൗൺ തീരുമെന്നോ വിമാന സർവീസുകൾ ആരംഭിക്കുമെന്നോ ഇതുവരെയും തീരുമാനമായിട്ടില്ല. അതിനാൽ തന്നെ ബിജിത ആശങ്കയിലാണ്. ഓട്ടോ തൊഴിലാളിയായ ഭർത്താവ് പക്ഷാഘാതത്തെ തുടർന്നു ചികിത്സയിലാണ്. നാട്ടിൽ നിന്നു പണം അയയ്ക്കാൻ സാധിക്കാത്ത സാഹചര്യമാണ്. ഇപ്പോൾ താമസിക്കുന്ന സ്ഥലം സുരക്ഷിതമാണെങ്കിലും ഒരു മലയാളി പോലും കൂടെയില്ല. എംബസിയിൽ നിന്നും ഒപ്പമുള്ള ശ്രീലങ്കക്കാരായ സഹപാഠികളിൽ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്ന് ബിജിത പറയുന്നു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിജിതയ്ക്കു കൂടെയുള്ളവരാണു ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നത്. എംബസി ഉദ്യോഗസ്ഥരും വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ‘അസർബെയ്ജാനിൽ നിന്ന് മടങ്ങുന്നതിനായി 130 പേർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അറിഞ്ഞത്. അർമീനിയ തുടങ്ങിയ ഏതെങ്കിലും സമീപ രാജ്യത്തേക്കു മാറ്റിയാൽ അവിടെ നിന്ന് ഇന്ത്യയിലേക്കു വരാൻ കഴിഞ്ഞേക്കും. അതിനു സഹായിക്കണമെന്നാണ് ബിജിത കണ്ണീരോടെ അപേക്ഷിക്കുന്നത്.