പെലോസി മടങ്ങി: പ്രകോപിതരായി ചൈന കയറ്റുമതി – ഇറക്കുമതികള്‍ നിരോധിച്ചു.

തായ്‌വാന് ചുറ്റും ചൈനീസ് സേന. ദ്വീപിന് നേര്‍ക്ക് മിസൈലുകള്‍ നിരത്തിയിരിക്കുകയാണ്. പടക്കപ്പലുംകളും യുദ്ധവിമാനങ്ങളും സജ്ജം. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാൻ സന്ദർശനം ചൈനയെ തീർത്തും പ്രകോപിതരായി. തായ്വാന് ചുറ്റും ചൈനീസ് ചാരക്കണ്ണുകള്‍. പെലോസിയുടെ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ ചൈന തയ്വാനു ചുറ്റും ആറു ദിവസത്തെ സൈനിക അഭ്യാസം തുടങ്ങിയിരിക്കുകയാണ്. തായ്വാനെ വളഞ്ഞിരിക്കുന്ന ചൈനീസ് നടപടിയില്‍ കലിപൂണ്ടിരിക്കുകയാണ് അമേരിക്ക.

ചൈനയെ നിരന്തരം വിമര്‍ശിക്കുന്ന പെലോസി തയ്വാനില്‍ കാലുകുത്തിയതിനു പിന്നാലെയാണു ദ്വീപിനെ ചുറ്റി ആറു സ്ഥലങ്ങളില്‍ ചൈന സൈനിക അഭ്യാസം തുടങ്ങിയത്. ദ്വീപിനു നേര്‍ക്ക് മിസൈലുകള്‍ തൊടുക്കുമോ എന്നും ദ്വീപിനെ പൂര്‍ണമായി ഒറ്റപ്പെടുത്തുമോ എന്നും ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വിദഗ്ധരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ ചൈന അതിക്രമിച്ചു കയറിയെന്നും വ്യോമ, നാവിക ഗതാഗതത്തിനു ഭീഷണി ഉയര്‍ത്തിയെന്നും തയ്വാന്‍ വ്യക്തമാക്കി. ചൈനയുടെ നാവിക, വ്യോമ സേനകള്‍ക്കൊപ്പം റോക്കറ്റ്, സ്ട്രറ്റാജിക് സപ്പോര്‍ട്ട്, ജോയിന്റ് ലൊജിസ്റ്റിക്‌സ് സപ്പോര്‍ട്ട് സേനകളും ഉള്‍ക്കൊള്ളുന്ന സംയുക്ത സേനാ അഭ്യാസമാണു നടക്കുന്നതെന്നു ചൈനയുടെ ഈസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് അറിയിച്ചു. തായ്‌വാന്റെ തെക്കു കിഴക്ക്, തെക്കു പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലെ കടലിലാണ് അഭ്യാസം നടക്കുന്നത്.

ഇതിനിടെ, തായ്‌വാന്‍ സന്ദര്‍ശനത്തിനുശേഷം യു.എസ് പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസി യു.എസിലേക്ക് മടങ്ങി. ചൊവ്വാഴ്ച തായ്‌പേയിലെത്തിയ നാന്‍സി പെലോസി തായ് പ്രസിഡന്റ് സായ് വെനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു തയ്‌വാന്‍ ജനതയെ ഉപേക്ഷിക്കാന്‍ അമേരിക്കക്ക് കഴിയില്ലെന്നു പെലോസി വ്യക്തമാക്കിയിരിക്കുകയാണ്. ചൈനയുടെ എതിർപ്പിന് പുല്ലു വിലനൽകിയാണ് തായ്‌വാനിലെത്തിയ നാന്‍സി പെലോസിക്ക് പരമോന്നത ബഹുമതി നല്‍കി തായ്വാന്‍ ആദരിച്ചത്. ഓര്‍ഡര്‍ ഓഫ് പ്രൊപിഷ്യസ് ക്ലൗഡ്‌സ് നല്‍കിയായിരുന്നു ആദരം. തായ്വാന്‍ ജനാധിപത്യത്തിന് അമേരിക്കയുടെ പിന്തുണ അറിയിച്ച് നാന്‍സി പെലോസി തയ്വാന്‍ ലോകത്തെ ഏറ്റവും സ്വതന്ത്രമായ സമൂഹങ്ങളില്‍ ഒന്നാണെന്ന് പ്രതികരിക്കുകയുണ്ടായി.

പെലോസിയുടെ സന്ദര്‍ശനം അമേരിക്ക-ചൈന ബന്ധത്തിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ചൈന പ്രതിഷേധം അറിയിച്ചു. പെലോസിയുടെ സന്ദര്‍ശനത്തിന് തൊട്ടു മുമ്പ് തായ്‌വാന്‍ അതിര്‍ത്തി കടന്നു പറന്നത് 21 ചൈനീസ് യുദ്ധവിമാനങ്ങളായിരുന്നു.

സന്ദര്‍ശനത്തിന് പിന്നാലെ തയ്വാനിലേക്കുള്ള മണല്‍ കയറ്റുമതി ചൈന നിരോധിച്ചു. പഴവര്‍ഗങ്ങളുടെയും മല്‍സ്യ ഉല്‍പന്നങ്ങളുടെയും ഇറക്കുമതിയും ചൈന തടഞ്ഞു. തുടർന്നാണ് തായ്വാന്‍ ദ്വീപിന് ചുറ്റും ചൈന സൈനിക വിന്യാസം കൂട്ടിയിരിക്കുന്നത്. സ്ഥിതിഗതികള്‍ ആശങ്കാജനകമെന്ന് അയല്‍രാജ്യമായ ജപ്പാന്‍ പ്രതികരിച്ചിട്ടുണ്ട്. സൈനിക അഭ്യാസത്തിന്റെ പേരില്‍ അതിര്‍ത്തി കടന്നാല്‍ പ്രതികരിക്കേണ്ടി വരുമെന്ന് തായ്വാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൈന്യത്തിന് തായ്വാന്‍ സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

യുദ്ധമുണ്ടായാല്‍ ദ്വീപിനെ ഒറ്റപ്പെടുത്തുന്നത് എങ്ങനെയെന്ന പരിശീലനം ചൈനീസ് സൈന്യം നടത്തുകയാണെന്നാണ് വ്യക്തമാകുന്നതെന്ന് ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ വിദഗ്ധന്‍ സോങ് ഴോങ്പിങ് പറയുന്നു. ”തയ്വാനുമായി യുദ്ധമുണ്ടാകാമെന്ന സാഹചര്യത്തില്‍, പരിശീലനം നേടുന്നതിനു വേണ്ടിയാണ് ഇത്തരം അഭ്യാസങ്ങള്‍. പതിവില്‍നിന്നു വ്യത്യസ്തമായി ഇത്തവണ അഭ്യാസങ്ങള്‍ എവിടെയൊക്കെയാണെന്നു വ്യക്തമാകുന്ന ഭൂപടം ഉള്‍പ്പെടെയാണു ചൈനയുടെ ഔദ്യോഗിക മാധ്യമം സിന്‍ഹുവ ന്യൂസ് ഏജന്‍സി വിവരം പുറത്തുവിട്ടിരിക്കുന്നത്.” – ഴോങ്പിങ് പറഞ്ഞു.

തയ്വാന്‍ കടലിടുക്കില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നു വ്യക്തമാക്കുക എന്നതാണ് ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്. ”എന്താണോ ആവശ്യം അതു ചൈനക്ക് ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ മേഖലയിലെ രാജ്യങ്ങളുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും മേഖലയിലെ സമ്പദ്വ്യവസ്ഥയ്ക്കും അതു ഭീഷണിയാണ്” – തയ്വാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തയ്വാന്‍ വിഷയത്തില്‍ നാന്‍സി പെലോസി ചൈനയെ കുടുക്കിയിരിക്കുകയാണെന്ന അഭിപ്രായമാണ് സിംഗപ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ വിദഗ്ധന്‍ കോളിന്‍ കോയുടേത്. ”യുദ്ധം ഒഴിവാക്കണമെന്നാണ് ചൈന തീരുമാനിക്കുന്നതെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ സാധ്യതയുണ്ട്”- എസ്. രാജരത്‌നം സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിലെ അധ്യാപകന്‍ കൂടിയായ കോ പറഞ്ഞിരിക്കുന്നു.

തായ്വാന് ചുറ്റുമുള്ള 12 നോട്ടിക്കല്‍ മൈല്‍ കടല്‍മേഖല ദ്വീപിന്റെ ഭാഗമാണ്. ഇതിലേക്ക് അതിക്രമിച്ചുകയറല്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നാണ് തയ്വാന്‍ പറഞ്ഞിരിക്കുന്നത്. 1996ല്‍ ദ്വീപില്‍ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന സമയത്ത് ഇതുപോലൊരു പ്രതിസന്ധി ഉണ്ടായി. മൂന്നാം തയ്വാന്‍ കടലിടുക്ക് പ്രതിസന്ധിയെന്നാണ് ഇതിനെ അറിയപ്പെട്ടിരുന്നത്. അന്ന് സംഘര്‍ഷം ഒഴിവാക്കാന്‍ യുഎസ് രണ്ട് വിമാനവാഹിനിക്കപ്പലുകളെയാണ് കടലിടുക്കിലേക്ക് അയച്ചത്. തായ്വാനെ തൊടാന്‍ ചൈനയെ അനുവദിക്കില്ലെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. തായ്വാന്‍ ഞങ്ങളുടേതെന്ന് ചൈനയും അവകാശപ്പെടുന്നു. മേഖലയില്‍ സമാധാന അന്തരീക്ഷം തീർത്തും നഷ്ടപെട്ട അവസ്ഥയിലായി.