പാക് എയര്‍ലൈന്‍സ് വിമാനം കറാച്ചിയില്‍ തകര്‍ന്നുവീണു; 98 യാത്രക്കാരുണ്ടെന്ന് റിപോര്‍ട്ട്

പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. വിമാനത്തില്‍ ജീവനക്കാരടക്കം 98 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പ്രാഥമികറിപോര്‍ട്ട്. ലാഹോറില്‍നിന്ന് കറാച്ചിയിലേക്ക് പോയ പികെ-8303 വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്ബ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയില്‍ തകര്‍ന്നുവീണത്.

വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് കോളനിയിലെ എട്ടുവീടുകള്‍ തകര്‍ന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ആളപായം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിമാനത്തില്‍ എട്ട് ജീവനക്കാരുമുണ്ടായിരുന്നതായാണ് റിപോര്‍ട്ട്. പ്രദേശത്തെ നിരവധി വീടുകള്‍ക്ക് തീപ്പിടിച്ചിരിക്കുന്നതും കെട്ടിട അവശിഷ്ടങ്ങള്‍ കൂടിക്കിടക്കുന്നതിന്റെയും ആകാശത്തേക്ക് പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ പാകിസ്താന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.