ആക്ഷേപം, അതിരുവിടുന്ന വാക്കുകള്‍ ബന്ധങ്ങള്‍ മാത്രമല്ല ചില ജീവിതങ്ങളും ഇല്ലാതാക്കും, 19-ാം വയസില്‍ തുടങ്ങിയ ബോഡി ഷെയ്മിങ് ഇപ്പോഴും തുടരുന്നു

പലപ്പോഴും പലരും അഭിമുഖീകരിക്കേണ്ടി വരുന്ന ഒന്നാണ് ബോഡി ഷെയ്മിങ്. ശരീരവണ്ണം കൂടിയതിന്റെ പേരിലും കുറഞ്ഞതിന്റെ പേരിലും നിറത്തിന്റെ പേരിലുമൊക്കെ പലരും ബോഡി ഷെയ്മിങ്ങുകള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദീപ പി വാസുദേവന്‍ എന്ന യുവതി. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയിലാണ് യുവതി തന്റെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം, #ബോഡി ഷെമിങ്# തടിയുടെ പേരില്‍ അത് ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഞാന്‍. ഇപ്പോഴും അനുഭവിക്കുന്നു. 19 വയസില്‍ ഗര്‍ഭിണി ആയപ്പോള്‍ ആണ് തടി കൂടി തുടങ്ങിയത്. പ്രസവ ശേഷം അമ്മ വാങ്ങി തന്ന 3 കുപ്പി നെയ്യും സേവിച്ചു. എന്റെ ശരീരപ്രകൃതിക്ക് അത് പാടില്ല എന്ന് എനിക്കറിയില്ലായിരുന്നു. അമ്മയ്ക്കും അറിയില്ലായിരിക്കാം. പിന്നീട് ജീവിതം തിരക്കുകളിലേക്ക് ഇറങ്ങിയപ്പോള്‍ കുറഞ്ഞു വന്നതാണ് തടി . ശാരീരികവും മാനസികവുമായ സംഘര്‍ഷത്തിലേക്ക് ജീവിതം ആയപ്പോള്‍ ശരീരത്തിന്റെ സന്തുലനാവസ്ഥ തന്നെ തകരാറിലാകുന്ന ഹൈപ്പോതൈറോയ്ഡിസം പിടികൂടി. അതെന്താണെന്ന് മനസ്സിലാക്കുവാനോ , ചികിത്സ തരുവാനോ, മാനസികവും ശാരീരികവുമായ ആശ്വാസവും സമാധാനവും തരുവാനും ആരും ഉണ്ടായില്ല എന്ന് മാത്രമല്ല. പരമാവധി ജീവിതം ദുരിതമയം ആക്കാനും ചൂഷണം ചെയ്യുവാനും കൂടെയുള്ളവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. ജീവിതത്തോടുള്ള വിരക്തി, ഡിപ്രെഷന്‍ അസുഖത്തെ കൂട്ടിക്കൊണ്ടിരുന്നു. അന്നും ഇന്നും കൂടെയുണ്ട് ഞാന്‍ ഇല്ലേ എല്ലാം നോക്കാന്‍ നീ ഇനി വിശ്രമിക്കു എന്ന് പറയാന്‍.രക്തം ഊറ്റി കുടിച്ചു വളര്‍ന്നവരോ വളര്‍ത്തിയവരോ ഇല്ല. ഇപ്പോഴും തണല്‍ മരം ആകാനാണ് വിധി.

തടി കൂടുക, വയര്‍ ചാടുക ഇവയൊന്നും ഒരാള്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. അത് കുറക്കാന്‍ പരമാവധി ശ്രെമിക്കുകയും ചെയ്യും. പിന്നെ exercise മാത്രം ചെയ്തു വിശ്രമിക്കാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. ഒരുപാട് ചിന്തകള്‍, ആശങ്കകള്‍, വേദനകള്‍. അതിനു ഇടയില്‍ പലതും നമ്മള്‍ മറക്കും, നമ്മെ മടുപ്പിക്കും. തൈറോയ്ഡ് രോഗികള്‍ക്കു അരക്കെട്ടിലാണ് കൊഴുപ്പ് അടിയുക. കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യുവാന്‍ ശരീരത്തിന് കഴിവില്ല. തൈറോക്‌സിന്‍ ഹോര്‍മോണ്‍ ആണ് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. ആ ഫോര്‍മോണ്‍ ഉല്പാദിപ്പിക്കാതെ ആകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ഏറ്റവും കൂടിയ ഡോസ് ആയ 150 എംജി തൈറോക്‌സിന്‍ ഹോര്‍മോണ്‍ ആണ് ഞാന്‍ ഒരു ദിവസം കഴിക്കുന്നത്. എക്‌സസൈസ് ചെയ്യുന്നുണ്ട്. വൈറ്റമിന്‍ അടങ്ങിയ ഭക്ഷണവും കഴിക്കുന്നുണ്ട്. ടെന്‍ഷന്‍ കൂടുതല്‍ ആകുമ്പോള്‍, ഉറക്കം കുറയുമ്പോള്‍ സമയം തെറ്റി ഭക്ഷണം കഴിക്കുമ്പോള്‍ ഒക്കെ ശരീരഭാരം രണ്ടു മൂന്നുകിലോ ഒക്കെ കൂടും, മുടി പൊഴിയും, ശരീരവേദന ഉണ്ടാകും. കാരണം അറിയാതെ കരച്ചില്‍ വരും. ആരോടും സംസാരിക്കാന്‍ ഇഷ്ടം ഇല്ലാതാവും.

വണ്ണം കുറയ്ക്കാന്‍ ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്യണം, പിന്നെ പലതരം തമാശ കലര്‍ത്തിയ താരതമ്യങ്ങള്‍. കളിയാക്കലുകള്‍.. ഒരാളെയും കളിയാക്കാറില്ല, ആക്ഷേപിക്കാനും ഇല്ല, സങ്കടപ്പെടുത്താനും ഇല്ല. കൂടെയുള്ളവരുടെ നന്മയാണ് കാണുന്നത്. കറുപ്പ്,വെളുപ്പ്, തടി മെലിയല്‍ പൊന്തിയ പല്ല് കഷണ്ടി തല, വിക്ക് ഇവയൊന്നും ഒരു വ്യക്തിയെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിന് മാനദണ്ഡം ആകരുത് എന്നാണ് എന്റെ ഒരു ഇത്. അവരുടെ നന്മ അറിയുക, അവരുടെ അപര്യാപ്തതകള്‍ പറഞ്ഞ് വീണ്ടും അവരെ നിരാശയിലേക്ക് കൂപ്പ് കുത്തി ക്കാതിരിക്കുക . കുറവു പറയാതെ അവരുടെ നന്മകള്‍ പറഞ്ഞുനോക്കൂ. ആ ദിവസം അവര്‍ സന്തോഷത്തില്‍ ആകും. സന്തോഷം അവരെ ആത്മവിശ്വാസമുള്ളവരാക്കും. ആത്മവിശ്വാസം അവരെ അവിശ്വസനീയമാം വിധം മാറ്റും. നിങ്ങള്‍ അവരുടെ നല്ല മാറ്റമാണ് ആഗ്രഹിക്കുന്നത് എങ്കില്‍, നല്ല വാക്കുകള്‍ ഉപയോഗികുക. ആക്ഷേപം, അതിരുവിടുന്ന വാക്കുകള്‍ ബന്ധങ്ങള്‍ മാത്രമല്ല ചില ജീവിതങ്ങളും ഇല്ലാതാക്കും.