അതിനായി പരിശ്രമിക്കുകയാണ്, ഇക്കാര്യത്തില്‍ ഞാന്‍ അത്യാഗ്രഹിയാണ്; ദീപ്തി സതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സിനിമയില്‍ എത്തുന്നത്. മോഡല്‍ എന്ന നിലയിലും ശ്രദ്ധേയ ആയ ദീപ്തി തെന്നിന്ത്യയിലെ പല ഭഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നീനക്ക് ശേഷം മലയാളത്തില്‍ ലവകുശ, സോളോ, പുള്ളിക്കാരന്‍ സ്റ്റാറാ, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചു. കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി. ഗ്ലാമറസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ ദീപ്തി ഞെട്ടിച്ചു. ഇപ്പോള്‍ സിനിമയിലെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ദീപ്തി സതി. സിനിമയില്‍ തനിക്ക് ഉദ്ദേശിച്ച വളര്‍ച്ച തനിക്ക് ഉണ്ടാക്കാന്‍ ആയിട്ടില്ലെന്ന് നടി പറയുന്നു.

‘സിനിമയില്‍ ഉദ്ദേശിച്ച വളര്‍ച്ച എനിക്കുണ്ടായിട്ടില്ല. അതിനായി പരിശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ ഞാന്‍ അത്യാഗ്രഹിയാണ്. എത്ര സിനിമകള്‍ ലഭിച്ചാലും ഇനിയും ഇനിയും നല്ല വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്. അഭിനയിച്ച സിനിമ തിയേറ്ററില്‍നിന്ന് കാണുമ്‌ബോള്‍ പലയിടങ്ങളിലും അഭിനയം മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നാറുണ്ട്. നല്ല കഥാപാത്രങ്ങള്‍ എന്നെത്തേടി വരും എന്ന ഉറപ്പുണ്ട്.’

‘കഥാപാത്രത്തിനായി എന്ത് ശാരീരികമാറ്റം വരുത്താനും ഏത് തരത്തിലുള്ള വസ്ത്രങ്ങളിടാനും മടിയില്ല. അവിടെ വ്യക്തിക്കല്ല കഥാപാത്രത്തിനാണ് മുന്‍ഗണന. ടോം ബോയ് ലുക്കുള്ള, മുടി മുറിച്ച് ബൈക്ക് ഓടിക്കുന്ന തരം കഥാപാത്രങ്ങളാണ് തേടിയെത്തിയതില്‍ ഭൂരിഭാഗവും. ‘നീന’യില്‍ അങ്ങനെ ചെയ്തു എന്നുകരുതി എപ്പോഴും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനാകിലല്ലോ. അതുകൊണ്ട് അവയെല്ലാം നിരാകരിച്ചു.’ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപ്തി പറഞ്ഞു.

നേരത്തെ ബിക്കിനി അണിഞ്ഞ് ദീപ്തി സതി ഒരു അന്യഭാഷാ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബിക്കിനി അണിഞ്ഞതിനെപ്പറ്റി ദീപ്തി പറയുന്നതിങ്ങനെ ഒരു സാധാരണ നീന്തല്‍ വേഷമാണെങ്കിലും ബിക്കിനി രംഗങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ പരിഭ്രമിച്ചു. ബിക്കിനിയില്‍ എങ്ങിനെയായിരിക്കും ഞാന്‍, സ്‌ക്രീനില്‍ ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെടാനും മാത്രം ഫിറ്റാണോ ശരീരം, തുടങ്ങി നിരവധി ചിന്തകളായിരുന്നു ആ സമയത്ത് മനസിലൂടെ കടന്നുപോയത്.

സംവിധായകനും അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ശക്തമായ പിന്തുണയാണ് ആ രംഗം പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്. നിങ്ങള്‍ എന്താണെന്നതിലും എന്ത് ചെയ്യുന്നതിലും അഭിമാനിക്കൂ എന്ന് മനസ് പറയുമ്പോള്‍ പിന്നെ പിന്‍വാങ്ങേണ്ട കാര്യമില്ലല്ലോ.’ ദീപ്തി പറഞ്ഞു. ബിക്കിനി രംഗം ഷൂട്ട് ചെയ്യുമ്പോള്‍ മൂന്നുപേര്‍ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. സംവിധായകന്‍, ഛായാഗ്രാഹകന്‍, പിന്നെ എന്റെ മേക്ക്അപ് ആര്‍ടിസ്റ്റും. അവര്‍ എന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കി മാറ്റി. കഥയ്ക്ക് ആവശ്യമാണെങ്കില്‍ ബോള്‍ഡ് രംഗങ്ങളില്‍ അഭിയിക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല. ലക്കി സിനിമ മറാഠിയില്‍ ട്രെന്‍ഡ് സെറ്റര്‍ ആയി മാറുമെന്നാണ് എനിക്ക് തോന്നുന്നത് ‘ ദീപ്തി കൂട്ടിച്ചേര്‍ത്തു