കുഞ്ഞിനെ അന്വേഷിച്ചു, ആ ശബ്ദം ലക്ഷ്മിയുടേതല്ലെന്ന് ബാലഭാസ്ക്കർ പറഞ്ഞു- വെളിപ്പെടുത്തൽ

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ദിനം പ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോളിതാ ബാലഭാസ്ക്കറിന്റെ മരണത്തിൽ നിർണായകമായ വെളിപ്പെടുത്തലുമായെത്തിയിരിക്കുകയാണ് ഡോ. ഫൈസൽ. ബാലഭാസ്‌കറെ ബോധരഹിതനായ നിലയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതെന്ന വാദമാണ് ഡോ ഫൈസൽ തള്ളിയിരിക്കുന്നത്. കാറിൽ ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് ഉണർന്നതെന്നു പറഞ്ഞ ബാലഭാസ്‌കർ ഭാര്യയെയും മകളെയും അന്വേഷിച്ചു. കാറിൽ ഉറങ്ങുകയായിരുന്നെന്നും വലിയ ശബ്ദം കേട്ടാണ് ഉണർന്നതെന്നും ബാലഭാസ്‌കർ പറഞ്ഞു. പുറമേ ഗുരുതരമായ മുറിവുകൾ ശ്രദ്ധയിൽപെട്ടിരുന്നില്ല.

അപകടത്തിൽ പരുക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി നിലവിളിക്കുന്നുണ്ടായിരുന്നു. അത് ലക്ഷ്മിയുടെ ശബ്ദമല്ലേ എന്നും അവർക്ക് എങ്ങനെയുണ്ടെന്നും ബാലഭാസ്‌കർ ചോദിച്ചു. അവർക്ക് കുഴപ്പമില്ലെന്ന് മറുപടി നൽകി. കുഞ്ഞിനെക്കുറിച്ച് ബാലഭാസ്‌കർ അന്വേഷിച്ചു. ഈ ആശുപത്രിയിൽ കൊണ്ടുവന്നിട്ടില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ എത്തിക്കുമ്പോഴും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റുമ്പോഴും ബാലഭാസ്‌കറിനു ബോധം ഉണ്ടായിരുന്നു.

പത്ത് മിനിറ്റിലേറെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. പിന്നീട് ബന്ധുക്കളെത്തി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ കൊണ്ടുവന്നയുടൻ തനിക്ക് ബാലഭാസ്‌ക്കറെ മനസിലായി. അവശ നിലയിലായിരുന്ന അദ്ദേഹത്തോട്‌ സംസാരിച്ചപ്പോൾ താൻ ഉറങ്ങുകയായിരുന്നു എന്താണ് സംഭവിച്ചതെന്ന് മനസിലായില്ലെന്ന് തന്നോട് പറഞ്ഞു. കാഷ്വാലിറ്റി ഡ്യൂട്ടിക്കിടെ പുലർച്ചെയാണ് ഓർത്തോ വിഭാഗത്തിനു മുന്നിൽ ട്രോളിയിൽ ബാലഭാസ്‌കറിനെ കാണുന്നത്. പ്രശസ്തനായതിനാൽ വേഗം തിരിച്ചറിയാനായി. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തോടു ചോദിച്ചു. വാഹനമോടിച്ചത് ബാലഭാസ്‌ക്കർ അല്ല എന്നാണ് മൊഴിയിൽ നിന്നും മനസ്സിലാകുന്നതെന്നും ഡോക്ടർ വ്യക്തമാക്കി