ചികിത്സയ്ക്ക് പണയം വെക്കാൻ പോയ മോതിരം ഓടയിൽ വീണു, രക്ഷകയായി പോലിസ് ഉദ്യോ​ഗസ്ഥ

മകനെ ചികിത്സക്കായി വിവാഹ മോതിരം പണയം വെക്കാൻ പോയ തിരുവത്ര സ്വദേശി ഹസീനയുടെ കയ്യിൽ നിന്നും മോതിരം താഴെ വീണ് കോൺഗ്രീറ്റ് സ്‌ലാബിന് ഇടയിൽ കുടുങ്ങി. മോതിരം എടുക്കാൻ ശ്രമിച്ചപ്പോൾ വിടവിലൂടെ അഴുക്ക് ചാലിലേക്ക് വീണു.

ഉടനെ യുവതി ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് ഓടി. അവിടെച്ചെന്ന് പൊട്ടിക്കരഞ്ഞ യുവതിയുടെ സങ്കടം കണ്ട് പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സൗദാമിനി അവളെ ആശ്വസിപ്പിച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഉടൻ തന്നെ അവർ മോതിരം നഷ്ടപ്പെട്ട ഇടത്തേക്ക് പോയി. കാൽനടയാത്രക്കാർക്ക് നടക്കുവാൻ വേണ്ടി കനത്തിലാണ് കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചത്. അത് ഒറ്റയ്ക്ക് നീക്കി നഷ്ടപ്പെട്ട മോതിരം വീണ്ടെടുക്കുന്നത് അസാധ്യമാണ്. ഉടൻതന്നെ ജെസിബി എത്തിച്ച് സ്ലാബ് മാറ്റി.

സ്ലാബ് നീക്കിയപ്പോൾ അകത്ത് ദുർഗന്ധമുള്ള അഴുക്കുവെള്ളം. ഒറ്റനോട്ടത്തിൽ മോതിരം കാണുന്നുമില്ല. യുവതി ഇതോടെ ആകെ വിഷമിച്ചു. അവിടെയുണ്ടായിരുന്ന മറ്റൊരാളുടെ സഹായം തേടി ഒരു ബക്കറ്റ് കൊണ്ട് അഴുക്ക് ചാലിലെ വെള്ളവും ചെളിയും കോരി പുറത്തേക്ക് എടുത്തപ്പോൾ ആ സ്വർണമോതിരം ഉണ്ട് അവിടെ. സന്തോഷം കൊണ്ട് ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഒരുപാട് സുമനസ്സുകളുടെ കാരുണ്യം കൊണ്ട് ഒടുവിൽ മോതിരം തിരികെ ലഭിച്ചു