24 മണിക്കൂറിനിടെ രാജ്യത്ത് 29,689 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

24 മണിക്കൂറിനിടെ രാജ്യത്ത് 29,689 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 31,440,951 ആയി. പ്രതിദിന രോഗികളില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 11,586 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.

42,363 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,06,21,469 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,20,110 സാമ്പിളുകളാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 45,91,64,121 ആയി ഉയര്‍ന്നു. രാജ്യത്ത് 3,98,100 സജീവ കേസുകളാണ് നിലവിലുള്ളത്.

വാക്സിനേഷന്‍ നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 44,19,12,395 പേര്‍ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 415 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,21,382 ആയി.