പൃഥ്വിരാജിന്റെ തലയ്ക്ക് മുകളിലൂടെ ആന നടന്നു പോയി, എല്ലാവരും പേടിച്ചു, കലാസംവിധായകന്‍ പറയുന്നു

മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ്. നടന്‍ മാത്രമല്ല സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ് താരം. താരം നായകനായ വെള്ളിത്തിര എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്ന ജോസഫ് നെല്ലിക്കല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

ജോസഫ് നെല്ലിക്കലിന്റെ വാക്കുകള്‍ ഇങ്ങനെ, അട്ടപ്പാടിയായിരുന്നു വെള്ളിത്തിരയുടെ ലൊക്കേഷന്‍. ചിത്രത്തില്‍ തീയേറ്റര്‍ ഉണ്ടാക്കേണ്ടിയിരുന്നു. ചാക്കു കൊണ്ടുള്ള തീയേറ്ററായിരുന്നു. കാരണം വാലിഭന്റെ സഞ്ചരിക്കുന്ന തീയേറ്റര്‍ ആണത്. ഡയറക്ടര്‍ ഭദ്രന്‍ സാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഞാന്‍ ആ തീയേറ്ററിന്റേയും അടുത്തു നില്‍ക്കുന്നൊരു ഉണങ്ങിയ മരത്തിന്റേയും പിന്നിലൊരു മലയുടേയും ചിത്രം വരയ്ക്കുകയായിരുന്നു. പിന്നീട് ലൊക്കേഷന്‍ കണ്ടെത്താന്‍ പോയപ്പോഴാണ് അത്ഭുതം പോലെ ആ സ്ഥലം കണ്ടത്. ഒരു ഉണങ്ങിയ മരം. അതിന്റെ അടുത്തൊരു വിശാലമായ സ്ഥലം. പിന്നീലായി വലിയൊരു മല. ശരിക്കും ഞാന്‍ വരച്ച് കൊടുത്തത് പോലൊരു സ്ഥലമായിരുന്നു അത്. ആ സ്ഥലത്താണ് വാലിഭന്റെ കോട്ടയൊരുങ്ങുന്നത്.

ഒരുപാട് സ്ഥലത്ത് ഒറിജിനല്‍ സാധനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. സംവിധായകന്‍ പല സ്ഥലത്തും കൃത്യമായും ഒറിജിനല്‍ മെറ്റീരിയല്‍ തന്നെ വേണമെന്ന് നിര്‍്ബന്ധം പറയുന്ന ആളായിരുന്നു. അതുകൊണ്ട് അങ്ങനെ തന്നെയായിരുന്നു അതൊക്കെ ചെയ്തിരുന്നത്. എന്നാല്‍ ഇത് ചിലപ്പോള്‍ ഞങ്ങള്‍ക്ക് തിരിച്ചടിയുമായി മാറാറുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജിനെ ഒരു കുഴിയൊരുക്കി വീഴ്ത്താനായി നവ്യ നായര്‍ കാത്തു നില്‍ക്കുന്നുണ്ട്. അങ്ങനെ കുഴിയില്‍ വീണ ശേഷം ഒരു ആന പൃഥ്വിരാജിനെ പാസ് ചെയ്ത് പോകണം എന്നതാണ് രംഗം. അതിന് വേണ്ടി ഒരാള്‍ പൊക്കത്തിലുള്ള കുഴിയുണ്ടാക്കി. അതിനകത്ത് തേരട്ട, പഴുതാര, കുപ്പിച്ചില്ല് ഇങ്ങനെയുള്ള സാധനങ്ങളിട്ടു. സിനിമയില്‍ അത് കാണില്ല. പക്ഷെ അതൊക്കെ വേണമെന്ന് സംവിധായകന് നിര്‍ബന്ധമായിരുന്നു. അതിനകത്തേക്കാണ് പൃഥ്വിരാജ് ഇറങ്ങി നില്‍ക്കുന്നത്.

അന്ന് പൃഥ്വിരാജ് വളരെയധികം സഹകരിക്കുകയും ആ രംഗം ചെയ്യുകയും ചെയ്തു. പക്ഷെ അതിലെ ഭീകരത എന്താണെന്ന് വച്ചാല്‍ ഇങ്ങനെ കുഴിയില്‍ നില്‍ക്കുന്ന പൃഥ്വിയുടെ തലയ്ക്ക് മുകളിലൂടെ ഒരു ആന കടന്നു പോകണമെന്നാണ്. ഞങ്ങളൊക്കെ പേടിയോടെയാണ് അത് കണ്ടത് നിന്നത്. ഒന്നും പേടിക്കേണ്ടെന്ന് സംവിധായകന്‍ പറയുന്നുണ്ടായിരുന്നു. രാജുവും ധൈര്യത്തോടെ തന്നെ ആ രംഗം ചെയ്തു. ആ സിനിമയില്‍ കാണുന്നത് പോലെ പൃഥ്വിരാജിന്റെ തലയുടെ മുകളിലൂടെ ആന യഥാര്‍ത്ഥത്തില്‍ കടന്നു പോവുകയാണ്. ഇന്നത്തെ പോലെ ടെക്നോളജി അന്നില്ല. ഇന്നാണെങ്കില്‍ നടനെ വേറേ ഷൂട്ട് ചെയ്ത്, ആനയെ വേറെ ഷൂട്ട് ചെയ്ത് ഒന്നാക്കാമായിരുന്നു. ചില സമയത്ത് എടുക്കുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. പ്രത്യേകിച്ചും ആര്‍ട്ടിസ്റ്റുകള്‍ ഏറ്റെടുക്കുന്നത്. എന്നു ജോസഫ് നെല്ലിക്കല്‍ പറയുന്നു.