വീരമൃത്യു വരിച്ച ജ്യോതിപ്രകാശ് നിരാലയുടെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്ത് സൈനികർ

ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജ്യോതിപ്രകാശ് നിരാലയുടെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്ത് സൈനികർ. നാലു സഹോദരിമാര്‍ അടങ്ങുന്ന കുടുംബത്തിലെ ഏക അത്താണിയായിരുന്നു ജ്യോതി. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഓരോ സൈനികനും 500 രൂപ വീതം പിരിവിട്ട് അഞ്ചുലക്ഷം രൂപ സമാഹരിച്ച് കുടുംബത്തിന് കൈമാറി.

ജ്യോതിയുടെ സ്ഥാനത്ത് നിന്ന് സഹോദരിയെ മണ്ഡപത്തിലേക്ക് ആനയിച്ചത് സൈനികരാണ്. വധുവിന്റെ കാല്പാദങ്ങള്‍ നിലത്തുപതിയാതെ മുട്ടുകുത്തിയിരുന്ന് ഓരോ ചുവടും അവര്‍ കൈകളില്‍ ഏറ്റുവാങ്ങുകയായിരുന്നു.