കുവൈത്ത് അമീർ ശൈഖ് സബാഹ് അല്‍ അഹ്‍‍മദിന്‍റെ ഭൗതിക ശരീരം സംസ്‌കരിച്ചു

കുവൈത്ത് : കുവൈത്തിന്റെ പതിനഞ്ചാമത്തെ അമീറായിരുന്ന ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്ന് ഉച്ചയോടെയാണ് യുഎസില്‍ നിന്ന് കുവൈത്ത് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തില്‍ അമീറിന്റെ ഭൗതിക ശരീരം കുവൈത്തിലെത്തിച്ചത്.

വിമാനത്താവളത്തില്‍ നിന്ന് ഭൗതിക ശരീരം ജുനൂബ് സുറയിലെ സാദിഖ് പ്രദേശത്തുള്ള മസ്ജിദ് അല്‍ ബിലാല്‍ അല്‍ റബീഹിലേക്ക് കൊണ്ടുപോയി. മയ്യത്ത് നിസ്‌കാരം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സുലൈബിക്കാത്ത് ഖബറിസ്ഥാനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുലൈബിക്കാത്ത് ഖബറിസ്ഥാനില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

പുതിയ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ്, നാഷണല്‍ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, അമീറിന്റെ മൂത്ത പുത്രനും പ്രതിരോധമന്ത്രിയുമായ ശൈഖ് നാസര്‍ അല്‍ സബാഹ് അല്‍ അഹ്മദ്, കുടുബാംഗങ്ങള്‍, മന്ത്രിമാര്‍, മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

അതേസമയം കുവൈത്തിന്റെ പതിനാറാമത് അമീറായി നിലവിലെ ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അധികാരമെറ്റു. ഇന്നു രാവിലെ നടന്ന പ്രത്യേക പാര്‍ലമെന്റ് സെഷനിലാണ് ദേശീയ അസംബ്ലിക്ക് മുമ്പില്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.