ഇങ്ങനെ കിടന്നാൽ തന്റെ മകൾക്ക് വേണ്ട കാര്യങ്ങളൊന്നും ചെയ്യാൻ പറ്റില്ലയെന്ന് മനസിലായി- ശ്രീദേവി ഉണ്ണി

മലയാള സിനിമാ ലോകത്തിന്റെ തീരാ നഷ്ടമായിരുന്നു മോനിഷയുടെ മരണം. നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ് കടന്നു വന്ന മോനിഷ വെറും ആറ് വർഷങ്ങൾ കൊണ്ടാണ് മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത താരമായത്. നഖക്ഷതങ്ങളും അധിപനും ആര്യനും പെരുന്തച്ചനും കമലദളവും.. സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തിൽ മരണം കവർന്നെടുത്തത്. ആ വാർത്ത ഞെട്ടലോടെയായിരുന്നു ആരാധകർ കേട്ടത്.

1992 ൽ ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു.. അപകടത്തിൽ തലച്ചേറിനുണ്ടായ പരിക്ക് മൂലം മോനിഷ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇപ്പോൾ ഫ്‌ളവേഴ്‌സിലെ അമ്മമാരുടെ സംഗമം എന്ന പരിപാടിയിൽ പങ്കെടുക്കവേ ശ്രീദേവി മകളെപ്പറ്റിയും അപകടത്തെപ്പറ്റിയും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

മോനിഷയ്ക്ക് സംഭവിച്ച അപകടത്തിൽ തനിക്കും ​ഗുരുതരമായ പരിക്ക് പറ്റിയിരുന്നു നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. കാലുകളൊക്കെ പൊട്ടി വീൽചെയറിലും ക്രച്ചസിലുമായിട്ടുള്ള ജീവിതമായി. ഏറ്റവും വലിയ അനുഗ്രഹം നമ്മുടെ കുടുംബത്തിന്റെ മാത്രമല്ല പുറത്തു നിന്നുള്ള കുറേ സ്‌നേഹവും സപ്പോർട്ടും ലഭിച്ചു എന്നതാണ്. നമ്മളെ ഹൃദയം കൊണ്ട് സ്‌നേഹിക്കുന്നവർ ആരൊക്കെയാണെന്ന് ആ കാലത്ത് അറിഞ്ഞു.

തന്റെ ഡോക്ടറായിരുന്ന ആർ എം വർമ്മയെ ജീവിച്ചിരിക്കുന്ന ദൈവമായിട്ടാണ് താൻ ഇന്നും കാണുന്നത്. തനിക്ക് വേണ്ടി അദ്ദേഹം ഒരു മണിക്കൂർ ചിലവഴിച്ചു. എന്നെ അദ്ദേഹം മെല്ലെ പിടിച്ച് എഴുന്നേൽപ്പിച്ചു. ശ്രീദേവി, നിങ്ങളൊരു മോഹിനിയാട്ടം നർത്തകിയാണ്. നിങ്ങൾ നൃത്തം ചെയ്യുമ്പോൾ ഞാൻ ചീഫ് ഗസ്റ്റായി മുന്നിലിരിക്കും. എന്ന് ഒക്കെ പറഞ്ഞ് എനിക്ക് അദ്ദേഹം പ്രചോദനം തന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. അത് പറഞ്ഞാൽ വലിയൊരു എപ്പിസോഡ് പോലെയാവും. ആ സമയത്ത് എനിക്ക് തോന്നി താൻ ഇങ്ങനെ കിടന്നാൽ തന്റെ മകൾക്ക് വേണ്ട കാര്യങ്ങളൊന്നും ചെയ്യാൻ പറ്റില്ല. ഡാൻസ്, പാട്ട്, അഭിനയം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ മോനിഷയ്ക്ക് ചെയ്യാനുണ്ടായിരുന്നു. അത് എന്നിലൂടെ നടക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും, മുള്ള് കൊണ്ട് തന്നെ മുള്ളിനെ എടുക്കണമെന്ന് പറയില്ലേ, അതുപോലെ എന്റെ വേദന കൊണ്ട് തന്നെ വേദനയെ എടുത്ത് കളഞ്ഞു. അനുഭവിച്ച് അനുഭവിച്ച് അതൊരു സുഖമാക്കി മാറ്റി