ചലനമറ്റ അച്ഛൻ അടുത്ത ഫ്ളൈറ്റിൽ വരുന്നു,ഒന്നുമറിയതെ കുഞ്ഞുവാവയും ആതിരയും

നിത്യ നിദ്രയിലായ അച്ഛൻ ഇതൊന്നും അറിയുന്നില്ല. കുഞ്ഞുവാവ ഉണ്ടായതും, അച്ഛൻ ആയതും. കുഞ്ഞുവാവയും അമ്മയും അച്ഛൻ എന്ന ആ വലിയ സത്യം നിശ്ചലമായതും അറിഞ്ഞിട്ടില്ല. എന്ത് പറയും എന്നറിയാതെ തേങ്ങലുകൾ മാത്രം ഉയരുകയാണ്‌ ആ വീട്ടിലും പ്രവസ വാർഡിലും

പ്രിയതമന്റെ മരണവാർത്ത അറിയാതെ ആശുപത്രിയിലാണിപ്പോഴും ആതിര. തന്നെയും മകളെയും കാണാൻ നിതിൻ ഓടിയെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആതിരയോട് നിതിന്റെ മരണവാർത്ത എങ്ങനെ പറയുമെന്നോര്‌ത്ത് വിറങ്ങലിച്ചിരിക്കുകയാണ് കുടുംബക്കാരും കൂട്ടുകാരും നാട്ടുകാരും.

ദുബായിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച നിതിന്റെ മൃതദേഹം നാളെ കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. യുഎഇയിലെ സാമൂഹ്യപ്രവർത്തകരാണ് ഇതിന് നേതൃത്വം നൽകുന്നത്. അതേസമയം, നിതിന്റെ വിയോഗം ആതിരയെ എങ്ങനെ അറിയിക്കുമെന്നറിയാതെ വിങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും. പ്രിയതമന്റെ വേർപാടറിയാതെ ആതിര ഇന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവിന്റെ വിയോഗം അറിയാതിരിക്കാൻ സോഷ്യൽ മീഡിയകളിൽ നിന്നും മറ്റും ആതിരയെ മാറ്റി നിർത്തിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ഈ മാസം നാട്ടിലേക്ക് മടങ്ങിവരാൻ ഇരിക്കെയാണ് നിഥിൻ ഉറക്കത്തിൽ ഹൃദയാഘാതം വന്ന് മരിച്ചത്. ഭാര്യ ആതിരയുടെ പ്രസവത്തിന് നാട്ടിൽ എത്താനായിരുന്നു നിഥിൻ തീരുമാനിച്ചിരുന്നത്. കുഞ്ഞിനെ കാണാൻ നാട്ടിലേക്ക് മടങ്ങാനിരുന്ന നിഥിന്റെ മരണ വാർത്ത ഏവരെയും സങ്കടക്കടലിൽ ആഴ്ത്തിയിരിക്കുകയാണ്.

ഏഴ് മാസം ഗർഭിണിയായിരുന്ന ആതിരയ്ക്ക് ബന്ധുക്കളുടെ പരിചരണം ലഭിക്കുന്നതിനായാണ് നാട്ടിലേക്ക് പോകുന്നതെന്ന് അന്ന് നിതിൻ പറഞ്ഞിരുന്നു. പ്രത്യേക വിമാന സർവീസ് ആരംഭിച്ചപ്പോൾ ആദ്യ വിമാനത്തിൽ തന്നെ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചു. അന്ന് ഭാര്യയ്ക്കൊപ്പം നാട്ടിൽ പോകാൻ നിധിനും അനുമതി ലഭിച്ചിരുന്നെങ്കിലും അത് മറ്റൊരാൾക്ക് നൽകുകയായിരുന്നു അദ്ദേഹം ചെയ്തത്

പ്രവാസ ലോകത്ത് സേവന രംഗത്ത് നിറഞ്ഞ് നിന്ന നന്മയുള്ള മുനഷ്യനായിരുന്നു നിഥിൻ എന്നാണ് നിഥിനെ അറിയുന്നവർ പറയുന്നത്. മാത്രമല്ല കോവിഡ് വ്യാപനത്തിലും രക്തദാനവുമായി ഓടി നടക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിൽ തന്റെ പേരിനൊപ്പം തന്റെ ബ്ലഡ് ഗ്രൂപ്പായ ഒ പോസിറ്റീവ് എന്ന് കൂടി നിഥിൻ ചേർത്തിരുന്നു. ഏത് സമയത്തും ഏത് സാഹചര്യത്തിലും രക്തം നൽകാൻ നിഥിൻ തയ്യാറായിരുന്നു.

നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിച്ചപ്പോൾ ചിലർ ആതിരയ്ക്ക് ടിക്കറ്റ നൽകി. എന്നാൽ തങ്ങൾക്ക് സാമ്പത്തിക പ്രശ്‌നം ഇപ്പോൾ ഇല്ലെന്നും അതിനാൽ ആ ടിക്കറ്റിന്റെ തുകയിൽ മറ്റൊരാൾക്ക് ടിക്കറ്റ് എടുത്ത് നൽകണമെന്നും പറഞ്ഞ തുക തിരികെ ഏൽപ്പിക്കുകയും ചെയ്തു.