ഇന്ത്യന്‍ യുവതിക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുഖപ്രസവം, തുണി നല്‍കിയ വനിത പൊലിസിന് സ്ഥാനക്കയറ്റം

ഇന്ത്യന്‍ യുവതിക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുഖപ്രസവം. തുണി നല്‍കിയ വനിത പോലീസ് ഉദ്യോഗസ്ഥക്ക് സ്ഥാനക്കയറ്റം നല്‍കി. തന്റെ തൊഴില്‍ പരിധിയില്‍ വരാത്ത കാര്യമായിട്ടും രണ്ടു ജീവനുകള്‍ രക്ഷിക്കാന്‍ ഉദ്യോഗസ്ഥ നടത്തിയ ശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരി പറഞ്ഞു.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പോലീസ് ഉദ്യോഗസ്ഥ കോര്‍പ്പറല്‍ ഹനാന്‍ ഹുസൈന്‍ മുഹമ്മദിനാണ് ഉദ്യോഗക്കയറ്റം നല്‍കി ആദരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സംഭവം നടന്നത്. വിമാനത്താവളത്തില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് ഹനാന്‍ അടിയന്തര പരിചരണം നല്‍കി പ്രസവത്തിന് സഹായിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിക്കാന്‍ സമയമില്ലാതായതോടെ വിമാനത്താവളത്തിലെ പരിശോധനാ മുറിയിലെത്തിച്ചാണ് ഹനാന്‍ പരിചരണം നല്‍കിയത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് ശ്വാസം കിട്ടാതെ മോശം അവസ്ഥയിലായിരുന്നു. ഉണര്‍ന്ന് പ്രവര്‍ത്തിച്ച ഹനാന്‍ കൃത്രിമശ്വാസം നല്‍കി കുഞ്ഞിനെ രക്ഷിച്ചു. പിന്നീട് കുഞ്ഞിനേയും മാതാവിനേയും ആശുപത്രിയിലേക്ക് മാറ്റി.

ഡ്യൂട്ടി തീരാന്‍ പത്ത് മിനുട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് വേദനയെത്തുടര്‍ന്ന് ഇന്ത്യന്‍ യുവതി തന്റെയടുത്ത് എത്തിയതെന്ന് ഹനാന്‍ പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ തനിക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവം കൂടിയായി ഇതെന്നും ഹനാന്‍ പറയുന്നു.