ഹിന്ദു എണ്ണം കുറയുന്നു, വിവാഹപ്രായം കൂട്ടരുതെന്ന് മോദിയോട് രാഹുല്‍ ഈശ്വര്‍

വർഗ്ഗീയ പരാമർശങ്ങളോട് കൂടി രാഹുൽ ഈശ്വർ നടത്തിയ ട്വീറ്റുകൾ വിവാദത്തിലേക്ക്. സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനർനിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയോട് അഭ്യർഥനയുമായാണ് രാഹുൽ ഈശ്വറിന്റെ വിവാദ ട്വീറ്റ്. വിവാഹപ്രായം കൂട്ടുന്നത് ഹിന്ദുക്കൾക്ക് ആത്മഹത്യാപരമാണ്. ഹിന്ദുക്കളുടെ പ്രത്യുൽപ്പാദന നിരക്ക് കുറയുകയാണെന്നും അതിനാൽ വിവാഹപ്രായം കൂട്ടരുതെന്നും രാഹുൽ ഈശ്വർ ട്വീറ്റിൽ അഭ്യർഥിക്കുന്നു.

‘പ്രിയ മോദി ജി, ദൈവത്തെ കരുതിയും ഹിന്ദുക്കളെ കരുതിയും പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തരുത്. ഹിന്ദുക്കളുടെ പ്രത്യുൽപാദന നിരക്ക് ഇപ്പോൾ തന്നെ കുറയുകയാണ്. മുസ്ലിം വ്യക്തിനിയമപ്രകാരം പെൺകുട്ടിക്ക് 16 വയസിൽ കല്യാണം കഴിക്കാം. ഹിന്ദു ജനസംഖ്യ വീണ്ടും കുറയും’ -രാഹുൽ ഈശ്വർ ട്വീറ്റിൽ പറഞ്ഞു.

മുസ്‌ലിം പ്രത്യുൽപാദനം വർധിക്കുന്നതിലല്ല, ഹിന്ദു പ്രത്യുൽപാദനം കുറയുന്നതിലാണ് ആശങ്കയെന്നും രാഹുൽ പറയുന്നു. കഴിഞ്ഞ 50 വർഷത്തിനിടെ ഹിന്ദു ജനസംഖ്യ 10 ശതമാനം വരെ കുറഞ്ഞുവെന്നാണ് രാഹുലിന്റെ വാദം.സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ആയിരിക്കെയാണ് വസ്തുതാവിരുദ്ധമായ പ്രസ്താവന രാഹുൽ നടത്തിയത് എന്ന് ശ്രദ്ധേയമാണ്.

നേരത്തെ പെൺകുട്ടികളുടെ വിവാഹപ്രായം ഉടൻ പുതുക്കി നിശ്ചയിക്കുമെന്ന് മോദി പറഞ്ഞിരുന്നു. പുരുഷന്മാർക്ക് 21 വയസ്സും സ്ത്രീകൾക്ക് 18 വയസ്സുമാണ് രാജ്യത്ത് നിയമപ്രകാരം വിവാഹിതരാകാൻ അനുവദിച്ചിരിക്കുന്ന പ്രായം. ഇതിൽ സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് ഉയർത്തിയേക്കുമെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു.

വിവാഹപ്രായവും സ്ത്രീകൾ അമ്മയാകുന്ന പ്രായവും തമ്മിലുള്ള ബന്ധം പരിശോധിക്കാനായി ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചതായി കേന്ദ്രസർക്കാർ സെപ്റ്റംബർ 22ന് അറിയിച്ചിരുന്നു. രാഹുൽ ഈശ്വർ പറയുന്ന ന്യായങ്ങൾ സ്ത്രീ വിരുദ്ധവും വർഗ്ഗീയവും ആണെന്ന് ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ആക്ഷേപം ഉയരുന്നുണ്ട്. ഹിന്ദുക്കളിലെ പ്രത്യുത്പാദന നിരക്ക് ഇനിയും കുറയും, മുസ്ലീം വിവാഹ നിയമം നിയന്ത്രിക്കുന്നത് മുസ്ലീം വ്യക്തിനിയമം ആണ്, നിയമ കമ്മീഷൻ മൂന്നോട്ട് വച്ചിട്ടുള്ളത് ആണിനും പെണ്ണിനും 18 വയസ്സ് എന്നുള്ളതാണ് എന്നിങ്ങനെ മൂന്ന് പോയിന്റുകലാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് എന്തുകൊണ്ട് ആത്മഹത്യാപരം എന്നതിന് രാഹുൽ ഈശ്വരിന്റെ മൂന്ന് പോയന്റുകൾ .