തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ബംഗാളിൽ വീണ്ടും സംഘർഷം: അടിച്ചമർത്താൻ ഗവർണറുടെ അടിയന്തര ഇടപെടൽ

കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അക്രമം പൊട്ടിപ്പുറപ്പെട്ട പശ്ചിമബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിൽ ഗവർണർ ഡോ സി.വി ആനന്ദബോസിന്റെ അടിയന്തര ഇടപെടൽ.

ചൊവ്വാഴ്ച രാത്രിയാണ് കൂച്ച് ബെഹാർ ജില്ലയിലെ ദിൻഹത മേഖലയിൽ തൃണമൂൽ – ബിജെപി പ്രവർത്തകരുടെ ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിയോട് അപ്പോൾതന്നെ അടിയന്തര റിപ്പോർട്ട് തേടിയ ഗവർണർ നിശ്ചിത പരിപാടികൾ റദ്ദാക്കി ബുധനാഴ്ച വൈകുന്നേരത്തോടെ സംഘർഷസ്ഥലത്ത് കുതിച്ചെത്തി.

ദിൻഹതയിൽ 45 മിനിറ്റോളം ഇരുപക്ഷത്തിന്റെയും പരാതികൾ ഗവർണർ കേട്ടു. പൊതുജനങ്ങൾ, വ്യാപാരികൾ, ദിൻഹത പോലീസ് സ്റ്റേഷൻ ഓഫീസർ, ജില്ലാ പോലീസ് ഓഫീസർമാർ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ചചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി.

നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മൊബോക്രസി വേരോടെ പിഴുതെറിയാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ബാധ്യസ്ഥരാണെന്നും അതിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനിർവ്വഹണ ഏജൻസികളുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയുണ്ടാകും.

കേന്ദ്ര സഹമന്ത്രി നിഷിത് പ്രമാണിക്കിൻ്റെയും സംസ്ഥാന മന്ത്രി ഉദയൻഗുഹയുടെയും അനുഭാവികൾ തമ്മിലാണ് ചൊവ്വാഴ്ച രാത്രി ദിൻഹതയിൽ കൊമ്പുകോർത്തത്. ഇതേതുടർന്ന് ഇരുഭാഗത്തെയും അനുയായികൾക്ക് പരിക്കേറ്റു.

കഴിഞ്ഞ തദ്ദേശഭരണതിരഞ്ഞെടുപ്പുകാലത്ത് വൻസംഘർഷം നടന്ന പ്രദേശമാണിത്. അന്നും ഗവർണറുടെ ശക്തമായ ഇടപെടലാണ് സമാധാനം പുനഃസ്ഥാപിക്കാൻ സഹായകമായത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. ഒരു സബ്ഡിവിഷണൽ പോലീസ് ഓഫീസർക്ക് പരിക്കേറ്റു. ബുധനാഴ്ച ദിൻഹതയിൽ തൃണമൂൽ കോൺഗ്രസ് 24 മണിക്കൂർ ബന്ദ് ആഹ്വാനം ചെയ്തെങ്കിലും ചർച്ചകളുടെയടിസ്ഥാനത്തിൽ അത് പിൻവലിച്ചു. ജനങ്ങൾക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിന് പോലീസിന് കർശനനിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജനങ്ങൾ സമാധാനത്തോടെയും ജനങ്ങൾ സമാധാനത്തോടെയും സൗഹാർദ്ദത്തോടെയും ജീവിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഗവർണർ ആനന്ദബോസ് പറഞ്ഞു.

“എവിടെ പ്രശ്നമുണ്ടായാലും അവിടെ വേണ്ടത് പരിഹാരമാണ്. തീർച്ചയായും അതുണ്ടാവും. ഇത്തവണ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ വേണ്ടതെല്ലാം ചെയ്യും” ഗവർണർ പറഞ്ഞു.
കേന്ദ്രമന്ത്രി നിഷിത്പ്രമാണികിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തെത്തുടർന്നാണ് ബിജെപി-തൃണമൂൽ അനുഭാവികൾ തമ്മിലുള്ള സംഘർഷം പൊട്ടിപുറപ്പെട്ടതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സംഘർഷത്തെക്കുറിച്ച് ആനന്ദബോസ് ബുധനാഴ്ച സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക ലോക് സഭാംഗമായ കേന്ദ്ര സഹമന്ത്രിയും പ്രാദേശിക എംഎൽഎയായ സംസ്ഥാന മന്ത്രിയും ഉൾപ്പെട്ട വിഷയം ഗവർണർ ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു.

പുതിയതായി നിയമിതനായ ഡിജിപി സഞ്ജോയ് മുഖർജിയോട് ഗവർണർ നേരിട്ട് റിപ്പോർട്ട് തേടി. സംഘർഷം തടയാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ പ്രാദേശിക സബ് ഡിവിഷണൽ പോലീസ് ഓഫീസർ ധിമൻ മിത്രയുടെ ആരോഗ്യനിലയെ കുറിച്ചും അദ്ദേഹം റിപ്പോർട്ട് ആവശ്യപ്പെട്ടു. ഡിജിപി ഇതിനകം തന്നെ റിപ്പോർട്ട് സമർപ്പിച്ചു .

സാധാരണജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുകാലത്തെപ്പോലെ രാജ്ഭവനിൽ ഒരു പോർട്ടലും പീസ്റൂമും ഏർപ്പെടുത്തുമെന്ന് ഗവർണർ പ്രഖ്യാപിച്ചിരുന്നു. വോട്ടെടുപ്പിൻ്റെ ആദ്യദിവസം മുതൽ രാവിലെ ആറുമണി മുതൽ “സഞ്ചരിക്കുന്ന രാജ്ഭവൻ’ തെരുവിലിറങ്ങുമെന്നും ആനന്ദബോസ് പറഞ്ഞു.

“ഏത് സാഹചര്യത്തിലും വോട്ടെടുപ്പ് ഉത്സവഭാവത്തിൽ നടത്തണം. എല്ലാ തലത്തിലുള്ള കീഴുദ്യോഗസ്ഥരിലേക്കും സന്ദേശം എത്തിക്കാൻ ഉന്നത അഡ്മിനിസ്ട്രേറ്റീവ്, പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ഭരണകൂടവും പോലീസും അത് ചെയ്യുന്നില്ലെങ്കിൽ, അത് ചെയ്യുന്നുവെന്ന് രാജ്ഭവൻ ഉറപ്പുവരുത്തും” – ആനന്ദബോസ് പറഞ്ഞു

തിരഞ്ഞെടുപ്പ്ചട്ടങ്ങൾ നിലവിൽവന്ന സാഹചര്യത്തിൽ അത് പൂർണമായും നടപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യും. ഒരുതരത്തിലുള്ള സംഘർഷവും അനുവദിക്കില്ല. തന്നോട് സംസാരിക്കാൻ ദിൻഹത നിവാസികൾ ഒത്തുകൂടിയ രീതിയെ അദ്ദേഹം പ്രശംസിച്ചു.

‘അവിടെ രാഷ്ട്രീയ കാലാവസ്ഥ നല്ലതല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ഞാൻ ഇടപെടില്ല. അതേസമയം തിരഞ്ഞെടുപ്പ് വേളയിൽ അക്രമങ്ങൾ ഉണ്ടാകുന്നത് അനുവദിക്കാനാവില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അക്രമം നടന്നിരുന്നു. അത് ഇനി സംഭവിക്കാൻ പാടില്ല”, അദ്ദേഹം പറഞ്ഞു. “അക്രമം നടക്കുന്നിടത്തെല്ലാം ഞാൻ നിരത്തിലുണ്ടാവും. അക്രമം നടക്കാതിരിക്കാൻ സജീവമായ നടപടികൾ സ്വീകരിക്കും. താഴെത്തട്ടിലെ സ്ഥിതിഗതികൾ ഞാൻ സസൂക്ഷ്മം വിലയിരുത്തും”, ആനന്ദബോസ് കൂട്ടിച്ചേർത്തു.