അവളെ ശാരീരികമായി ഉപയോഗിച്ച ശേഷം തിരിച്ചറിവ്, വേടന്‍ ഒരു സോഷ്യല്‍ ക്രിമിനലാണ്; എല്ലാ ശിക്ഷയും ലഭിക്കണമെന്ന് രേവതി സമ്പത്ത്

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് വേടന്റെ മാപ്പ് പറച്ചിലും ഇരയുടെ തുറന്ന് പറച്ചിലും. തനിക്കെതിരെ ഉയര്‍ന്ന മീടൂ ആരോപണത്തില്‍ മാപ്പു പറഞ്ഞ് രംഗത്തെത്തിയ മലയാളം റാപ്പ് ഗായകന്‍ ഹിരണ്‍ ദാസ് മുരളിക്കെതിരെ(വേടന്‍) നടി രേവതി സമ്പത്ത്. സ്വന്തമായി തിരിച്ചറഞ്ഞു എന്നൊക്കെ പറയുന്നത് സെക്ഷ്വല്‍ അബ്യൂസിന് പരിഹാരമല്ലെന്നും വേടന്‍ ഒരു സോഷ്യല്‍ ക്രിമിനലാണെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ രേവതി സമ്പത്ത്. പറഞ്ഞു.

സ്വന്തമായി തിരിച്ചറഞ്ഞു എന്നൊക്കെ വേടന്റെ പോസ്റ്റിന് താഴെ കമന്റിടുന്നവര്‍ സെക്ഷ്വല്‍ അബ്യൂസിനെ പ്രോത്സാഹിപ്പിക്കുകയാണ്. സെക്ഷ്വല്‍ അബ്യൂസ് നടത്തി തിരച്ചറിവ് ലഭിച്ചു എന്ന് പറയുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും രേവതി സമ്പത്ത് പറഞ്ഞു. ട്രാപ്പിലാകും എന്ന് അറിഞ്ഞത് കൊണ്ടാണ് വേടന്‍ മാപ്പ് പറഞ്ഞതെന്നും അല്ലെങ്കില്‍ ആദ്യം തെറ്റ് ചെയ്തില്ലെന്ന് പറഞ്ഞ് വരില്ലായിരുന്നെന്നും രേവതി പറഞ്ഞു.

ഇതൊരു സാമൂഹ്യ പ്രശ്നമാണ്. ഒരുപാട് ഹിരണ്‍ ദാസ് മുരളിമാരുള്ള ലോകത്താണ് താനടക്കമുള്ള സ്ത്രീകള്‍ ജീവിച്ചുപോകുന്നതെന്നു രേവതി പറഞ്ഞു. അദ്ദേഹം അര്‍ഹിക്കുന്ന എല്ലാ ശിക്ഷയും ലഭിക്കണമെന്ന് ആഗ്രഹമുണ്ടെന്നും രേവതി കൂട്ടിച്ചേര്‍ത്തു

‘വേടനെ തനിക്ക് വ്യക്തിപരമായി അറിയുന്ന ആളല്ല. പാട്ടുകളിലൂടെ മാത്രമാണ് അദ്ദേഹത്തെ അറിയുന്നത്. അദ്ദേഹം ഒരു ക്രിമിനല്‍ ആണെന്നറിയാതെയായിരുന്നു അദ്ദേഹത്തിന്റെ വീഡിയോകള്‍ ഷെയര്‍ ചെയ്തത്. ഈ വിഷയം ചര്‍ച്ചയായത് മുതല്‍ വീഡിയോ താന്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരു തരത്തിലുള്ള വിസിബിലിറ്റിയും ഇങ്ങനെയുള്ള ക്രിമിനല്‍സിന് കൊടുക്കേണ്ട ആവശ്യമില്ല. അയാള്‍ ഒരു സെക്ഷ്വല്‍ ക്രിമിനലാണ്,’ രേവതി സമ്പത്ത് പറഞ്ഞു. സെക്ഷ്വല്‍ അബ്യൂസിനെ അതിജീവിച്ച മുഴുവന്‍ സ്ത്രീകള്‍ക്കും അഭിവാദ്യമര്‍പ്പിക്കുന്നതായും രേവതി പറഞ്ഞു.