പകുതി വര്‍ഷവും ഞാന്‍ ജീവിച്ചത് ഫോണ്‍ പോലും ഇല്ലാതെ, പിന്നെയല്ലേ ടിക് ടോക്, സാധിക പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാധിക. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടി ടെലിവിഷന്‍ പരിപാടികളിലൂടെ ആയിരുന്നു ശ്രദ്ധ നേടിയത്. ഗ്ലാമര്‍ വേഷങ്ങളില്‍ സ്‌ക്രീനിലെത്താനും നടിക്ക് യാതൊരു മടിയുമില്ല. ഇതിനെതിരെ പല വിവാദങ്ങളും ഉണ്ടാവുകയും ഈ വിവാദങ്ങള്‍ക്ക് നടി തക്കമായ മറുപടിയും നല്‍കിയിട്ടുമുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനെ കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സാധിക. ജീവിതം എന്നു പറയുന്നത് ഈ ആപ്പുകളോ, അതിലുള്ള ഫോളോവേഴ്‌സോ, അതില്‍ കിട്ടുന്ന ലൈക്കോ അല്ലെന്നാണ് സാധിക പറയുന്നത്. ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ടെന്നും, അത് നമ്മള്‍ കണ്ടെത്തണമെന്നും സാധിക പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

സാധികയുടെ കുറിപ്പ് വായിക്കാം;

‘ഒരുപാട് മെസേജുകള്‍ വന്നു. ടിക് ടോക്, ഷെയറിറ്റ്, ഹലോ ഇതൊന്നും ഇല്ലാതെ ഇനി എങ്ങനെ, എന്ത് ചെയ്യും, എന്നെല്ലാം ചോദിച്ചുകൊണ്ട്. ഞാന്‍ ആദ്യമായി മൊബൈല്‍ഫോണ്‍ കാണുന്നത് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ്. അത് കാര്യമായി ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീട് വിട്ട് കോയമ്പത്തൂര്‍ പോയപ്പോളാണ്. അതായത്, ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാന്‍ ജീവിച്ചത് ഫോണ്‍ പോലും ഇല്ലാതെയാണ്. ആ ജീവിതത്തിന്റെ സുഖം അറിയുന്നിടത്തോളംകാലം, ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും, ഇല്ലായ്മയും ഒന്നും എന്നെ ബാധിക്കില്ല.

ഈ ആപ്പുകളും, ഫോളോവേഴ്‌സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതം. ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ട്. അത് കണ്ടെത്തേണ്ടത് നാം സ്വയമാണ്.’