ഓരോ എംഎല്‍എമാരോടും സംസാരിക്കണം, രാജസ്ഥാന്‍ പ്രതിസന്ധിയില്‍ വിശദ റിപ്പോര്‍ട്ട് തേടി സോണിയ ഗാന്ധി

ജയ്‍പൂര്‍: രാജസ്ഥാന്‍ പ്രതിസന്ധിയില്‍ എഐസിസി നിരീക്ഷകരോട് റിപ്പോര്‍ട്ട് തേടി സോണിയ ഗാന്ധി. ഓരോ എംഎല്‍എമാരോടും സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സോണിയ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സോണിയ ഗാന്ധിയെ അക്ഷരാര്‍ത്ഥത്തില്‍ ഗെലോട്ട് വെല്ലുവിളിക്കുകയായിരുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ രാത്രി ജയ്പൂരില്‍ അരങ്ങേറിയത് ഗെലോട്ടിന്‍റെ തിരക്കഥയായിരുന്നു എന്നാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അജയ് മാക്കനും സോണിയ ഗാന്ധിയെ ധരിപ്പിച്ചത്.

ഇരട്ടപദവി വേണ്ടെന്ന പരസ്യ പ്രസ്താവനയിലൂടെ നേതൃത്വത്തെയടക്കം ഗെലോട്ട് തെറ്റിദ്ധരിപ്പിച്ചു. ഹൈക്കമാന്‍ഡ് വിളിച്ച നിയമസഭാ കക്ഷിയോഗം അട്ടിമറിച്ച് സമാന്തര യോഗത്തിന് പച്ചക്കൊടി കാട്ടി. ഇന്ന് കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ച ഗെലോട്ടിനെ അജയ് മാക്കന്‍ അവഗണിച്ചത് ഹൈക്കമാന്‍ഡിന്‍റെ കടുത്ത പ്രതിഷേധത്തിന്‍റെ വ്യക്തമായ സൂചനയാണ്.

ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് പ്രവര്‍ത്തക സമിതിയംഗങ്ങള്‍ക്ക് പുറമെ എഐസിസി നിരീക്ഷരും ആവശ്യപ്പെട്ടതായാണ് വിവരം. സമാന്തര യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്കെതിരെ നടപടിക്കും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. രാജസ്ഥാനില്‍ നടന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലും ആവര്‍ത്തിച്ചു.